ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനമാണ്. ഭാരതത്തില്‍ 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര എന്നീ പ്രദേശങ്ങളില്‍ ചെറിയ തോതിലും കശുമാവ് കൃഷി ചെയ്യപ്പെടുന്നു. കേരളമാണ് കശുമാവ് കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍.
നടീലും പരിചരണവും
മറ്റ് വിളകളൊന്നും വളരാത്ത തരിശുഭൂമിയില്‍ പോലും കശുമാവ് വളരുമെങ്കിലും വെള്ളക്കെട്ടുള്ളതും, ക്ഷാരാംശം കൂടുതലുള്ളതുമായ സ്ഥലങ്ങള്‍ കശുമാവ് നടാന്‍ യോജിച്ചതല്ല. കന്നിമഴ കിട്ടുന്നതോടെ നടേണ്ട സ്ഥലം തയാറാക്കാം. പതിവെച്ച തൈകളോ ഒട്ടുതൈകളോ നടുന്നതിന് ഉപയോഗിക്കാം.ഒട്ടുതൈകളാണ് കൂടുതല്‍ മെച്ചം. അര മീറ്റര്‍ ആഴവും വീതിയും ഉയരവുമുള്ള കുഴികളില്‍ 10 കി.ഗ്രാം ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം ഇടവപ്പാതിയോടുകൂടി തൈകള്‍ നടാം. ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടിച്ചഭാഗം തറനിരപ്പിന് അര വിരല്‍ മുകളിലെങ്കിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഫലപുഷ്ടിയുള്ള ആഴമുള്ള മണ്ണിലും സമുദ്രതീരങ്ങളിലുള്ള മണല്‍ മണ്ണിലും, തൈകള്‍ തമ്മിലും നിരകള്‍ തമ്മിലും 10 മീറ്റര്‍ അകലം വരുന്ന വിധത്തില്‍ ഏക്കറില്‍ 40 തൈകള്‍ നടാവുന്നതാണ്.
ചരിഞ്ഞ ഭൂമിയില്‍ നിരകള്‍ തമ്മില്‍ 10 മുതല്‍ 15 മീറ്റര്‍ വരെയും, ചെടികള്‍ തമ്മില്‍ 6 മുതല്‍ 8 മീറ്റര്‍ വരെ അകലം വരുന്ന രീതിയില്‍ ഏക്കറില്‍ 33 മുതല്‍ 66 തൈകള്‍ വരെ നടാം. ശരിയായ നടീലകലം പാലിക്കുന്നതു മരങ്ങള്‍ തമ്മില്‍ സൂര്യപ്രകാശത്തിനും സസ്യമൂലകങ്ങള്‍ക്കും വേണ്ടി മല്‍സരിക്കുന്നതു തടയാനും വേരുപടലങ്ങള്‍ തമ്മില്‍ പിണയുന്ന സ്ഥിതിവിശേഷം കുറയ്ക്കാനും അങ്ങനെ ഓരോ മരവും നന്നായി വളര്‍ന്നു മികച്ച വിളവു തരാനും സഹായിക്കും. പൊക്കം കുറഞ്ഞ ഇനങ്ങള്‍ക്ക് 4ഃ4 മീറ്റര്‍ മുതല്‍ (ഏക്കറില്‍ 250 തൈകള്‍) 7ഃ7 മീറ്റര്‍ (ഏക്കറില്‍ 80 തൈകള്‍) വരെ നടീലകലം മരങ്ങളുടെ വലിപ്പമനുസരിച്ചു പാലിക്കാം.
വളപ്രയോഗം:
സ്ഥിരമായി ശരിയായ സമയത്ത് ശുപാര്‍ശ ചെയ്യപ്പെടുന്ന രീതിയില്‍ വളപ്രയോഗം നടത്തുന്നത് കശുമാവിന്റെ വിളവ് ഇരട്ടിയോളമാക്കുമെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. വളങ്ങള്‍ രണ്ടു ഗഡുക്കളായി ജൂണ്‍-ജൂലൈയിലും (ഇടവപ്പാതി), സെപ്റ്റംബര്‍-ഒക്ടോബറിലും (തുലാവര്‍ഷം) ചെടികള്‍ക്ക് ഇട്ടു കൊടുക്കാം.
കള നിയന്ത്രണം:
കശുമാവിന്‍ തോട്ടത്തില്‍ കീടാക്രമണത്തിനുള്ള സാധ്യത കുറയ്ക്കാനും, മരങ്ങള്‍ നന്നായി വളരാനും കളനിയന്ത്രണം ആവശ്യമാണ്. ആഗസ്റ്റ് മാസമാണ് കളനിയന്ത്രണത്തിന് അനുയോജ്യം. 160 ഗ്രാം പാരാക്വാറ്റ്, 400 ഗ്രാം, 2,4 ഡി എന്നിവയാണ് ഒരേക്കറിലെ കള നിയന്ത്രണത്തിനു വേണ്ടിവരുന്ന കളനാശിനികള്‍. രോഗങ്ങള്‍: ഡൈബാക്ക് അഥവാ പിങ്ക് രോഗം എന്ന കുമിള്‍രോഗമാണ് കശുമാവിലെ മുഖ്യരോഗം. മഴസമയത്താണ് ഇതു കാണപ്പെടുക. ശിഖരങ്ങളില്‍ വെള്ളപ്പാടുകള്‍ വീണ് അവ ഉണങ്ങുന്നതാണ് പരിണിത ഫലം. ഉണങ്ങിയ ശിഖരങ്ങള്‍ ഉണങ്ങിയിടത്തുവെച്ച് മുറിച്ചുമാറ്റി മുറിവില്‍ ബോര്‍ഡോക്കുഴമ്പോ, ബ്ലളിറ്റോക്‌സ് കുഴമ്പോ പുരട്ടുന്നതാണ് പ്രതിവിധി. ചെന്നീരൊലിപ്പ് കാണുന്നുണ്ടെങ്കില്‍ ആ ഭാഗം ചുരണ്ടിമാറ്റി ടാര്‍ പുരട്ടുക.
വിളവെടുപ്പ്:
കശുവണ്ടി വിളവെടുക്കുന്നത് ശ്രദ്ധയോടെ വേണം. നല്ലവണ്ണം പാകമായ കശുവണ്ടിയും, മാങ്ങയും മരത്തില്‍ നിന്നും താഴെ വീണശേഷം ശേഖരിച്ച് തോട്ടണ്ടി വേര്‍പെടുത്തിയെടുക്കുന്നതാണ് അനുയോജ്യം. തോട്ടയോ മറ്റോ ഉപയോഗിച്ച് പറിച്ചെടുക്കുമ്പോഴും വടി ഉപയോഗിച്ച് തല്ലി വേര്‍പെടുത്തുമ്പോഴും മൂപ്പാകാത്ത കശുമാങ്ങയും അണ്ടിയും വീഴാന്‍ സാധ്യതയുണ്ട്. തോട്ടണ്ടി മാങ്ങയില്‍ നിന്നും വേര്‍പെടുത്തി രണ്ടു ദിവസം വെയിലത്തിട്ട് ചിക്കി ഉണക്കിയശേഷം സംഭരിക്കാം. വൃത്തിയുള്ള ചാക്കുകളില്‍ നിറച്ച് ഈര്‍പ്പം ഏല്‍ക്കാത്ത രീതിയില്‍ പലകകള്‍ക്കു മുകളിലോ മറ്റോ വെച്ചു വേണം സംഭരിക്കുവാന്‍. സംഭരിക്കുന്ന മുറിയില്‍ ഈര്‍പ്പം കയറാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. സംഭരണത്തിനുമുമ്പ് തോട്ടണ്ടി ഉണക്കുമ്പോള്‍ ഈര്‍പ്പം 8 ശതമാനത്തില്‍ നിറുത്തുകയാണ് അഭികാമ്യം. ശരിയായി ഉണങ്ങാത്ത തോട്ടണ്ടിയില്‍ പൂപ്പലുണ്ടായി പരിപ്പ് കേടാകാനിടയുണ്ട്.