തിരുവനന്തപുരം: കേരളസർക്കാരിന് കീഴിലുള്ള സി-ഡിറ്റിൽ ജാതീയ അധിക്ഷേപം. സംഭവത്തിൽ മേലുദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നൽകിയിട്ടും മ്യൂസിയം പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സീ-ഡിറ്റ് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ 23 ദിവസം കഴിഞ്ഞ് ഇന്നലെ പോലീസ് കേസെടുത്തു.പതിമൂന്ന് വർഷത്തോളമായി സി-ഡിറ്റിൽ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാർച്ച് 5-ന് മ്യൂസിയം പോലീസിൽ പരാതി നൽകിയത്. നിലവിൽ ജോലി ചെയ്യുന്ന ഡിവിഷനിൽ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചുള്ള ജോലിയിൽ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്‌ട്രീയബന്ധം പോലും ഇവർ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓഫീസിലെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ചും ജീവനക്കാർ പങ്കെടുക്കുന്ന യോഗങ്ങളിൽ വെച്ചും സമുദായത്തിന്റെ പേര് വിളിച്ച് തന്നെ വ്യക്തിപരമായി ആക്രമിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി പോലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആക്ഷേപമാണ്. കേസ് എടുക്കാൻ തയ്യാറാകാത്ത പോലീസ് ഒത്തുതീർപ്പ് ചർച്ചകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നും പരാതിക്കാരി ആരോപിക്കുന്നു. മ്യൂസിയം പോലീസ് മാത്രമല്ല പല രാഷ്‌ട്രീയനേതാക്കളും ഒത്ത് തീർപ്പിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു. പരാതിയിൽ ഒത്തുതീർപ്പിന് സിപിഎം നേതാക്കൾ ശ്രമിക്കുന്നതായും തലസ്ഥാനത്തെ ഒരു എംഎൽഎയും മുൻ എംഎൽഎയും ഈ വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നതായും ആക്ഷേപമുണ്ട്. പോലീസിൽ പരാതി നൽകിയിട്ട് ഇത്ര നാളായിട്ടും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിന് പിന്നിലും രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന് ജീവനക്കാരി ചൂണ്ടിക്കാട്ടുന്നു.ഇപ്പോൾ പരാതിയിൽ പോലീസിന്റെ ഇടപെടൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കേസെടുക്കാതെ 9-ാം തീയതി പോലീസ് ഒത്തുതീർപ്പിനായി വിളിപ്പിച്ചു. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും അന്ന് വിളിപ്പിച്ചതായും പരാതിക്കാരി പറയുന്നു.
സി-ഡിറ്റിലെ ആഭ്യന്തരപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം മാത്രമേ കേസിൽ തങ്ങൾക്ക് നടപടി എടുക്കാൻ സാധിക്കുള്ളു എന്ന് പോലീസ് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി പരാതി ഗൗരവമുള്ളതാണെന്ന റിപ്പോർട്ട് നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ജീവനക്കാരി പറയുന്നു.എന്നാൽ പരാതിക്കാരിയെയും മേലുദ്യോഗസ്ഥയേയും കഴിഞ്ഞദിവസം സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നതായാണ് പോലീസ് അറിയിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നടക്കുന്നതായി പറഞ്ഞ് വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പോലീസിന്റെ ശ്രമം. പരാതി ലഭിച്ചിരുന്നുവെന്ന് പറയുന്ന പോലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നില്ല.ഇതിനെല്ലാം ഒടുവിലാണ് കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളികകൾ കഴിച്ച് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല. ആത്മഹത്യാശ്രമം പുറത്ത് വന്നതോടെയാണ് പരാതിയിൽ ഒടുവിൽ മ്യൂസിയം പോലീസ് കേസെടുത്തത്. പരാതി വിശദമായി പരിശോധിക്കേണ്ടത് കൊണ്ടാണ് കേസെടുക്കാൻ വൈകിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.