ഡൽഹി: ജാതി അധിക്ഷേപം നടത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ചില പ്രത്യേക വിഭാഗക്കാരെ മോഷ്ടാക്കളോട് ഉപമിച്ചതോടെ രാഹുൽ ഗാന്ധിയുടെ ജാതീയമായ മനസാണ് പുറത്തായതെന്ന് അദ്ദേഹം വ്യക്തമാക്കി. കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ സ്ഥിരം പതിവാണെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി. നുണകളും വ്യക്തിപരമായ അപവാദങ്ങളും നിഷേധാത്മക രാഷ്‌ട്രീയവും രാഹുലിന്റെ രാഷ്‌ട്രീയത്തിൽ അവിഭാജ്യ ഘടകമാണെന്ന് നദ്ദ ആരോപിച്ചു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലത്തിനേക്കാൾ അതികഠിനമാകും കോൺഗ്രസിന് 2024-ലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘രാഹുൽ ഗാന്ധിയുടെ പുതിയ പ്രസ്താവനകളിൽ ആശ്ചര്യമില്ല. രാഷ്‌ട്രീയ വാഗ്വാദത്തത്തെ തരംതാഴ്‌ത്തുന്ന നിലപാടായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹം സ്വീകരിച്ചത്. വ്യക്തി അധിക്ഷേപം നടത്തുന്നയാളാണ് രാഹുൽ ഗാന്ധി.
കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ 2019-ൽ അദ്ദേഹം റാഫേൽ ഇടപാടിൽ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചു. കോടതിയിൽ ഈ വാദങ്ങൾ വിലപ്പോയില്ല. കേസിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾ മുഖവിലയ്‌ക്ക് എടുത്തില്ല.’ -നദ്ദ ട്വിറ്ററിൽ വ്യക്തമാക്കി.രാഹുൽ ഗാന്ധി പിന്നോക്ക വിഭാഗത്തിന്റെ വികാരത്തെ ആവർത്തിച്ച് വ്രണപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. മുഴുവൻ പിന്നോക്ക വിഭാഗഗത്തെയുമാണ് അദ്ദേഹം കള്ളന്മാരാക്കിയിരിക്കുന്നത്. കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019-ൽ അദ്ദേഹത്തിന് ജനം മാപ്പ് നൽകിയില്ല. 2024 ൽ ശിക്ഷ കൂടുതൽ കനത്തതാവുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു.