ബംഗളുരു: കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ വൊക്കലിംഗ എംഎൽഎമാരുടെ യോഗം ഇന്ന് നടക്കും. ജാതി സെൻസസ് റിപ്പോർട്ട് പിൻവലിക്കണമെന്ന് വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജാതി സെൻസസ് വിഷയത്തിൽ വൊക്കലിംഗ സമുദായത്തിൽനിന്നുളള എംഎൽഎമാരുടെ അഭിപ്രായങ്ങൾ അറിയാനാണ് യോഗം ചേരുന്നതെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ശിവകുമാറും വൊക്കലിംഗ വിഭാഗത്തിൽ നിന്നുളളയാളാണ്. ‘ജാതി സെൻസസ് റിപ്പോർട്ട് ഇതുവരെ ഞാൻ പൂർണായും പരിശോധിച്ചിട്ടില്ല. ഇപ്പോഴും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതെ എല്ലാവരും പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അവരുമായി ചർച്ച നടത്തും’, ഡികെ ശിവകുമാർ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡികെ ശിവകുമാറിന്റെ ബംഗളുരുവിലെ ഔദ്യോഗിക വസതിയിൽ വൈകുന്നേരം ആറുമണിക്കാണ് യോഗം. മതത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡറുകൾ നൽകി കോൺഗ്രസ് സർക്കാർ പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. എസ് സി – എസ്ടി വിഭാഗങ്ങൾക്ക് സംവരണം നൽകിയിട്ടുണ്ടെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ശിവകുമാർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജാതിസെൻസസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ സംസ്ഥാന വൊക്കലിംഗ സംഘവും ഇന്ന് യോഗം ചേരുന്നുണ്ട്. റിപ്പോർട്ട് അപൂർണമാണെന്നും കണക്കെടുപ്പ് സുതാര്യമല്ലെന്നുമാണ് ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളുടെ വാദം. സർക്കാർ നടത്തിയ സർവ്വേ പ്രകാരം ഇരുവിഭാഗങ്ങളുടെയും ജനസംഖ്യ പട്ടിക വിഭാഗത്തിനും മുസ്‌ലിം വിഭാഗത്തിനും പിന്നിലാണ് എന്നതാണ് എതിർപ്പിന് കാരണം. കർണാടക രാഷ്ട്രീയത്തിൽ തങ്ങൾക്കുളള മേധാവിത്വം ഇല്ലാതാകുമോ എന്ന ഭീതിയിലാണ് സമുദായാംഗങ്ങൾ.