ബംഗളൂരു: 2015 ൽ കാന്തരാജ് കമ്മീഷൻ നടത്തിയ ജാതി സർവേയിലെ വിവരങ്ങൾ പുറത്തു വന്നതോടെ കർണാടക രാഷ്ട്രീയത്തിൽ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. ജാതി സർവേ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നിരിക്കെ 10 വർഷം മുമ്പ് കോൺഗ്രസ് സർക്കാർ നടത്തിയ സർവേ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കാന്തരാജ് കമ്മീഷൻ നടത്തിയ ജാതി സർവേയിലെ വിവരങ്ങൾ കാലഹരണപ്പെട്ടതും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങൾക്ക് മാത്രമേ കർണാടകയിലെ ജനസംഖ്യയുടെ യഥാർഥ സാമൂഹിക, സാമ്പത്തിക, ജാതി ഘടന വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു റീ സർവേയുടെ ആവശ്യം ഉണ്ട്. പുതിയ സർവേയിലൂടെ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. ഈ ഡാറ്റ സമൂഹത്തെ ധ്രുവീകരിക്കാനും സാമൂഹിക ഐക്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് വീരപ്പ മൊയ്‌ലി മുന്നറിയിപ്പ് നൽകി. മുസ്ലീം ജനസംഖ്യാ വർധനവിൽ 4 ശതമാനം മുതൽ 6 ശതമാനം വരെ വർധനവുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് സർവേ ശാസ്ത്രീയമായി നടത്തിയിട്ടില്ലെന്ന സംശയമുണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു. 1992 ൽ ചിന്നപ്പ റെഡ്ഡി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ലിംഗായത്ത് ജനസംഖ്യ എങ്ങനെയാണ് കുറയുന്നത്. വർധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
”വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നതിനാൽ ജാതി സെൻസസ് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിൽ സമവായമുണ്ടായില്ല. ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് ചില മന്ത്രിമാർ പരസ്യമായി പറഞ്ഞു. 1992 ൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചിന്നപ്പ റെഡ്ഡി കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ലിംഗായത്തുകളുടെ ജനസംഖ്യ നിലവിലെ റിപ്പോർട്ടിനേക്കാൾ വളരെ കൂടുതലായിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം എങ്ങനെയാണ് ജനസംഖ്യ കുറയുന്നത്. വർധിക്കുകയല്ലേ വേണ്ടത്”, മെയ് 2ന് സർക്കാർ ഈ വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല സമുദായങ്ങളും സംശയിക്കുന്ന ഒരു സാഹചര്യത്തിൽ സർക്കാരിന് തിടുക്കത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല.
ഇപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിമാരെ വിശ്വാസത്തിലെടുക്കണം. പ്രതിപക്ഷവുമായും സമുദായ നേതാക്കളുമായും കൂടിയാലോചിക്കണം. ഒരു സമവായത്തിലെത്തിയ ശേഷം, അവർക്ക് അത് നടപ്പിലാക്കാം. അല്ലെങ്കിൽ സർവേയുടെ കൂടുതൽ ശാസ്ത്രീയമായ അപ്ഡേറ്റ് നടത്താം. സുപ്രീംകോടതി വിധികൾ അനുസരിച്ച്, ജാതി സെൻസസ് ഓരോ 10 വർഷത്തിലും പുനഃപരിശോധിക്കേണ്ടതുണ്ട്. എന്റെ സർക്കാർ അംഗീകരിച്ച ചിന്നപ്പ റെഡ്ഡി കമ്മീഷൻ പോലും ഇത് ഓരോ 10 വർഷത്തിലും പുനഃപരിശോധിക്കേണ്ടതാണ്. ഇപ്പോൾ 30 വർഷത്തിലേറെയായി. അതിനാൽ സർവേ അശാസ്ത്രീയമാണെന്ന കോൺഗ്രസ് നേതാക്കളുടെ വാദത്തോട് ഭാഗിമായി യോജിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.