മാന്നാനo : വിശുദ്ധ ചാവറയച്ചന്റെ കബറിടം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. ഇന്നലെ രാത്രി ഏഴിന് പള്ളിയിലെത്തിയ കാതോലിക്ക ബാവാ കബറിടത്തിങ്കല്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ഥനാനിരതനായി. ആശ്രമദേവാലയത്തിലെ മനോഹരമായ അള്‍ത്താരയും ചുവര്‍ ചിത്രപണികളും വിശുദ്ധ തിരുസ്വരൂപങ്ങളും സന്ദര്‍ശിച്ചശേഷം ആശ്രമത്തിലെത്തി ആശ്രമാധിപരമായും സെമിനാരി വൈദിക വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ ചാവറയച്ചന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
പള്ളിയിലെത്തിയ കാതോലിക്ക ബാവായെ ആശ്രമാധിപന്‍ ഫാ. മാത്യു ചക്കാലയ്ക്കല്‍ സിഎംഐ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. ഇത് ആദ്യമായാണ് ഒരു കാതോലിക്കാ ബാവ മാന്നാനം ആശ്രമം സന്ദര്‍ശിക്കുന്നത്. കെഇ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകുളം, ഫാ. മാത്യു പോളച്ചിറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവരും സ്വീകരണത്തിനു നേതൃത്വം നല്‍കി. കാതോലിക്കാ ബാവയോടൊപ്പം ഫാ. തോമസ് മരോട്ടിപ്പുഴ, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.