തിരുവല്ല : പെരിങ്ങര പഞ്ചായത്തില്‍ പോത്തുകുട്ടി പരിപാലനം പദ്ധതി തുടങ്ങി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി ചെലവിടുന്നത് 4.5ലക്ഷം രൂപയാണ്. പഞ്ചായത്തിലെ ഗ്രാമസഭയിലൂടെ ഓരോ വാർഡിൽനിന്നും കണ്ടെത്തിയ രണ്ടുപേർക്ക് വീതമാണ് പോത്തുകുട്ടികളെ നൽകുന്നത്. ചാത്തങ്കരി ഗവ.ന്യൂ എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ 30പോത്തുകുട്ടികളെയും വിതരണം ചെയ്തു. രോഗപ്രതിരോധ ശേഷിയുള്ള മുറ ഇനത്തിൽപ്പെട്ട ആറുമാസം പ്രായമുള്ള പോത്തുകുട്ടികളെയാണ് ഇൻഷുറൻസ് പരിരക്ഷയോടെ സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് മൃഗഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പോത്തുകളെ ഇവിടെ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജയ ഏബ്രഹാം, സൂസൻ വർഗീസ്, എം.സി.ഷൈജു, ശാന്തമ്മ ആർ.നായർ, റോയി വർഗീസ്, ശർമ്മിള സുനിൽ, റിക്കുമോനി വർഗീസ്, മാത്തൻജോസഫ്, ടി.വി വിഷ്ണുനമ്പൂതിരി, എസ്.സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, സുഭ്രദ രാജൻ, ചന്ദ്രു എസ്.കുമാർ, മൃഗാശുപത്രി സർജൻ ഡോ.റൂൺ മറിയം വർഗീസ്, ലൈഫ് സ്റ്റോക് ഇൻസ്പെക്ടർമാരായ കെ.മനോജ്, ഷൈജു ഏബ്രഹാം, മേരിജോർജ്, ടി.സിന്ധുലേഖ എന്നിവർ പങ്കെടുത്തു.