പൂച്ചാക്കൽ : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് പത്താംക്ലാസുകാരൻ മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും പൂച്ചാക്കൽ തോടുശുചീകരണം നടന്നില്ല. മാലിന്യംനിറഞ്ഞ പൂച്ചാക്കൽ തോട്ടിൽ കുളിച്ചതുമൂലമാണ് ഗുരുദത്ത് എന്ന പത്താംക്ലാസ് വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതെന്നു കണ്ടെത്തിയിരുന്നു. അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്തു മറ്റിടങ്ങളിലും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലും അധികൃതർ തോടുശുചീകരണത്തിന് തയ്യാറാകാത്തതിൽ ജനം പ്രതിഷേധത്തിലാണ്. തോടുശുചീകരണം ഉടനേ നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല.
ഇറച്ചി, പച്ചക്കറിമാലിന്യം, ഹോട്ടൽ മാലിന്യം, കക്കൂസ് മാലിന്യംവരെയും ഈ തോട്ടിലേക്കൊഴുക്കുന്നുണ്ട്. പൂച്ചാക്കൽച്ചന്തയിൽനിന്നുള്ള മലിനവെള്ളവുമെത്തുന്നുണ്ട്. തോട് പലയിടത്തും കൽക്കെട്ട് തകർന്നാണുകിടക്കുന്നത്. പാണാവള്ളി, തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലാണ് തോട്. പഞ്ചായത്തുകൾക്ക് ഫണ്ടില്ലാത്തതിനാൽ ജലസേചനവകുപ്പിന്റെ സഹായമാണു തേടുന്നത്. എന്നാൽ വകുപ്പും പൂച്ചാക്കൽ തോടിനെ അവഗണിച്ചിരിക്കുകയാണെന്നാണു പരാതി. കൈതപ്പുഴ കായലിനെയും വേമ്പനാട്ടുകായലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടത്തോടാണിത്. പൂച്ചാക്കൽ തോടിനോടു ബന്ധപ്പെട്ടിട്ടുള്ള ചില തോടുകൾ ശുചീകരിച്ചിരുന്നു.