തിരുവനന്തപുരം : പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട 38. 79 ലക്ഷം രൂപയുടെ 2399 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ കേസില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജരും സ്വകാര്യ കമ്പനിയുടമകളുമടക്കം നാലു പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
വ്യാജ രേഖകള്‍ ചമച്ച് കണക്കുകളുടെ വ്യാജീകരണം നടത്തി 2399 ചാക്ക് റേഷന്‍ അരിയും ഗോതമ്പും എഫ് സി ഐ യുടെ മൂന്നു ഗോഡൗണുകളില്‍ നിന്നും കള്ളക്കടത്തു നടത്തിയ കേസിലാണ് ഉത്തരവ്. ജനുവരി 29 ന് നാലു പ്രതികളും ഹാജരാകാന്‍ സി ബി ഐ ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു. കുറ്റ സ്ഥാപനത്തില്‍ 2 വര്‍ഷത്തിനു മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ സി ബി ഐ കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തുന്നത്.
റേഷന്‍ ഭക്ഷ്യ ധാന്യ കള്ളക്കടത്തു കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ എഫ് സി ഐ ഡിപ്പോ മാനേജര്‍ പി.ഗിരീശന്‍, സ്വകാര്യ കമ്ബനിയുടമകളായ അബൂബക്കര്‍ പെരുമ്പെട്ടി , ആര്‍. ഗണേശന്‍, എ.കെ. അസൈന്‍ എന്നിവരാണ് ഹാജരാകേണ്ടത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (സി), (ഡി) (പൊതുസേവകര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാല്‍പര്യവുമില്ലാതെ അഴിമതിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി സര്‍ക്കാരിന് നഷ്ടം വരുത്തല്‍), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന), 409 (പൊതുസേവകര്‍ നടത്തുന്ന ട്രസ്റ്റ് ലംലനം), 468 ( ചതിക്കുന്നതിനായുള്ള വ്യാജ നിര്‍മ്മാണം), 471 (വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍), 477 എ (കണക്കുകളുടെ വ്യാജീകരണം) എന്നീ വകുപ്പുകള്‍ വിചാരണക്കു മുന്നോടിയായി ചുമത്താനാണ് സിബിഐ കോടതി ഉത്തരവിട്ടത്.
പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിനാണ് പ്രതികളോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2017 ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നുമിടയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വന്‍ കള്ളക്കടത്ത് നടന്നത്. മൂന്നു എഫ് സി ഐ ഗോഡൗണുകളില്‍ അരി, ഗോതമ്പ് എന്നിവയുടെ സ്റ്റോക്കില്‍ വന്‍ കുറവുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സി ബി ഐ ഗോഡൗണുകളിലും എഫ് സി ഐ മാനേജര്‍മാരുടെ വീടുകളിലും 2017 ഒക്ടോബര്‍ 13 ന് സംയുക്തമായി റെയ്ഡ് നടത്തിയത്. 2018ല്‍ പ്രതികളെ അറസ്റ്റ് ചെയ്തു. 2019 നവംബര്‍ 7 നാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.