സീതത്തോട് : കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി.മത്തായിയുടെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന കോടതി വിധിയെ തുടർന്ന് അന്വേഷണ സംഘം ഇന്നലെ മത്തായിയുടെ വീട്ടിലെത്തി ഭാര്യ ഷീബയുടെ മൊ ഴിയെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥന് മത്തായിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിബിഐ ചോദിച്ചതെന്നും കുറ്റക്കാരായ വനപാലകരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും ഷീബ പറഞ്ഞു.
2020 ജൂലൈ 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയി ലെടുത്ത മത്തായിയെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടന്നായിരുന്നു ആക്ഷേപം. 3 ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സിബിഐ അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത 7 വനപാലകർ മനഃപൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ 7 വനപാലകരെ 6 മാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തിരുന്നു.