തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. അടൂര്‍ പ്രകാശിനെതിരെയുള്ള പരാതി ഏറെ വിവാദമായിരുന്നു. ജനകീയനും കോന്നിയിലെ സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവുമായ അടൂര്‍ പ്രകാശിനെ ഒതുക്കുവാന്‍ ഇടതുപക്ഷം നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു സരിതയുടെ ആരോപണം. പീഡനക്കേസ് ആയിട്ടുപോലും ഇതിന്റെമുമ്പില്‍ അടൂര്‍ പ്രകാശ് തെല്ലും പതറിയില്ല. ആരോപണം കെട്ടടങ്ങുമെന്നും ഇത് വെറും ഓലപ്പാമ്പ് ആണെന്നും അടൂര്‍ പ്രകാശിന് നന്നായി അറിയാമായിരുന്നു.
കോന്നി സ്വന്തം തട്ടകമാക്കി വെച്ചിരിക്കുന്ന അടൂര്‍ പ്രകാശിനെ ഒതുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലരുടെ ആവശ്യം കൂടിയായിരുന്നു. മുതിര്‍ന്ന നേതാവ് പി.ജെ കുര്യനും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കോന്നിയില്‍ നിന്നും ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പറഞ്ഞുവിട്ടത് അടൂരിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ അവിടെ മായാജാലം കാണിച്ചുകൊണ്ടാണ് അടൂര്‍ പ്രകാശ് തന്റെ എതിരാളികളെ നേരിട്ടത്. ഇതിനു പിന്നില്‍ അധികാരമോഹവുമായി നടക്കുന്ന പി.ജെ കുര്യന്‍ ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
സോളര്‍ കേസ് പ്രതി സരിതാ നായരെ ആഹാരത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. സരിതയുടെ സുരക്ഷാ ജീവനക്കാരനായിരുന്ന വിനുകുമാറാണ് ഒന്നാം പ്രതി. വധശ്രമ ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന ആരോപണവും സരിത പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ആഹാരത്തിലും ജൂസിലുമായി പലപ്പോഴായി വിഷം ചേര്‍ത്ത് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് സരിത നായരുടെ പരാതി. സോളര്‍ വിവാദ സമയം മുതല്‍ അംഗരക്ഷകനേപ്പോലെ സരിതക്കൊപ്പം നില്‍ക്കുകയും ഏതാനും വര്‍ഷം മുന്‍പ് പിണങ്ങിപ്പിരിയുകയും ചെയ്ത തിരുവനന്തപുരം സ്വദേശി വിനുകുമാറിനെതിരെയാണ് പരാതി.