ദില്ലി : കസ്റ്റംസ് ചമഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്നും വെർച്വൽ അറസ്റ്റിലൂടെ ഒരു കോടിലധികം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ ആദ്യമായി വെർച്വൽ തട്ടിപ്പ് സിബിഐ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. മുംബൈയിൽ കസ്റ്റംസ് പിടികൂടിയ തൃശൂർ സ്വദേശിയുടെ പേരിലുള്ള ക്വറിയറിൽ മയക്കുമരുന്നുണ്ടെന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിർച്ച്വൽ അറസ്റ്റ്. 104 40,111 രൂപയാണ് തട്ടിയെടുത്തത്. കഴിഞ്ഞ വർഷം ജൂലൈ 22ന് തൃശൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത് കേസിൽ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പണം നഷ്ടമായ വ്യക്തി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അജയ കുമാർ എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
തട്ടിപ്പുകാരൻ വിളിച്ച ഫോണ്‍ നമ്പറും പോലീസിന് കൈമാറിയിരുന്നു. അന്തർസംസ്ഥാന അന്വേഷണത്തിൽ കേരള പോലീസിന് പരിമിതികളുണ്ടെന്ന വിലയിരുത്തിയ കോടതി തട്ടിപ്പു സംഘത്തെ കണ്ടെത്താൽ സിബിഐ അന്വേഷണം വേണമെന്ന് വിലയിരുത്തി. സൈബർ സാമ്പത്തിക തട്ടിപ്പുകള്‍ അനുദിനം കേരളത്തിൽ കൂടുകയാണ്. പ്രതികളിലേക്ക് എത്തി ചേരാൻ സംസ്ഥാന പോലീസിന് പരിമിതികളുമുണ്ട്. ഇതിനിടെയാണ് സിബിഐ വ്യർച്ചൽ അറസ്റ്റ് തട്ടിപ്പിൽ അന്വേഷണവുമായി എത്തുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്ത എറണാകുളം സിജെഎം കോടതിയിൽ നൽകി.