ന്യൂഡല്‍ഹി : ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി. പൂര്‍ത്തിയായ പരീക്ഷകളിലെ മാര്‍ക്ക് അടിസ്ഥാനമാക്കി പന്ത്രെണ്ടാം ക്ലാസ് ഗ്രേഡ് നിശ്ചയിക്കും. ഇതില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മുഴുവന്‍ പരീക്ഷകളും എഴുതാന്‍ പിന്നീട് അവസരം നല്‍കുകയും ചെയ്യും. 19 നും 31നും ഇടയ്ക്ക് നടത്താനിരുന്ന പരീക്ഷകള്‍ ജൂലൈയിലേക്ക് മാറ്റിയിരുന്നു. സിബിഎസ്ഇയുടെ തീരുമാനം തന്നെ ആയിരിക്കും തങ്ങളും പിന്തുടരുക എന്ന് ഐസിഎസ്ഇ ബോര്‍ഡും സുപ്രീംകോടതിയെ അറിയിച്ചു.
സിബിഎസ്ഇ തീരുമാനങ്ങളിലെ അന്തിമ വിജ്ഞാപനം നാളെ. പരീക്ഷാഫലം എപ്പോള്‍ പ്രഖ്യാപിക്കുമെന്ന സമയക്രമം അടക്കം വിജ്ഞാപനത്തിലുണ്ടാവണമെന്നു കോടതി നിര്‍ദേശം. സാഹചര്യം മെച്ചപ്പെട്ടാല്‍ പരീക്ഷ നടത്താമെന്നും സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അറിയിച്ചു. പല സ്‌കൂളുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളായതിനാലാണ് തീരുമാനം. പന്ത്രെണ്ടാം ക്ലാസ് പരീക്ഷ പിന്നീടു നടത്താന്‍ നിശ്ചയിച്ചാല്‍ അതിനനുസരിച്ചു മറ്റു പ്രവേശന പരീക്ഷകളും മാറ്റണമെന്നും തീയതികളിലടക്കം വ്യക്തത വേണമെന്നും സോളിസിറ്റര്‍ ജനറലിനോട് കോടതി സൂചിപ്പിച്ചു.
പത്ത്, പന്ത്രെണ്ട് ക്ലാസുകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക അസൈൻമെന്റുണ്ടാവുമെന്നും ജൂലൈ 15നുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും പ്രവേശനം. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ കഴിഞ്ഞതാണെന്നും ഇതിന്റെ ശരാശരി അടിസ്ഥാനമാക്കി മൊത്തം മാര്‍ക്ക് നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അറിയിച്ചു. എന്നാല്‍ അതേക്കുറിച്ച് സിബിഎസ്ഇയോട് നിര്‍ദേശം നല്‍കാനാവില്ലെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.