ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി. ബി. എസ്. ഇ) 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. അന്തിമ ടാബുലേഷന്‍ ജോലികള്‍ ജൂലൈ 22ല്‍നിന്ന് 25 വരെ നീട്ടിയതോടെയാണിത്. പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു. എന്നാല്‍ ഇത് ജൂലൈ 25 (വൈകുന്നേരം 5) വരെ നീട്ടുകയായിരുന്നു.
ഫലം കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുന്നതിനായി അവധി ദിനമായ ഇന്ന് സി ബി എസ് ഇയിലെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ 22ന് അന്തിമ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഫലം അന്തിമമാക്കുന്നതിന് സ്കൂളുകളെ സഹായിക്കുന്നതിന്, ആസ്ഥാനത്തെ പ്രാദേശിക ഓഫീസുകളും പരീക്ഷാ വകുപ്പും അവധി ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കുമെന്ന് സി ബി എസ് ഇ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞു.