ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി വിദ്യാർഥികളെ വിലയിരുത്താൻ ഫോർമുല തയ്യാറാക്കിയ സി.ബി.എസ്.ഇ., ഐ.എസ്.സി. ബോർഡുകളുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. പരീക്ഷ റദ്ദാക്കിയതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ തീരുമാനം.
20 ലക്ഷം വിദ്യാർഥികളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ഉന്നതതലത്തിൽ എടുത്ത തീരുമാനമാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും ബോർഡോ സ്ഥാപനങ്ങളോ പരീക്ഷനടത്തി എന്നത് സി.ബി.എസ്.ഇ., ഐ.എസ്.സി. ബോർഡുകളെ ബാധിക്കുന്ന കാര്യമല്ല. മേഖലയിലെ വിദഗ്ധരുടെ തീരുമാനത്തിലാണ് ഫോർമുല ഉണ്ടാക്കിയതെന്നും അതിൽ ജുഡീഷ്യറിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
പരീക്ഷ റദ്ദാക്കുന്നതിനെതിരേ സ്വകാര്യ സ്കൂൾ അധ്യാപകൻ അൻഷുൽ ഗുപ്ത പറഞ്ഞ ന്യായീകരണങ്ങൾ സുപ്രീംകോടതി തള്ളി. ഐ.ഐ.ടി., എൻ.ഡി.എ. തുടങ്ങിയ പരീക്ഷകൾ നടക്കുമ്പോൾ പന്ത്രണ്ടാം ക്ലാസുമാത്രം റദ്ദാക്കുന്നതിൽ അർഥമില്ലെന്നായിരുന്നു ഗുപ്തയുടെ വാദം.
വിദ്യാർഥി പഠിക്കുന്ന സ്കൂളിന്റെ മുൻവർഷത്തെ പ്രകടനംകൂടി വിലയിരുത്തി മാർക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്ന യു.പി. പേരന്റ്സ് അസോസിയേഷന്റെ വാദവും സുപ്രീംകോടതി തള്ളി. മാർക്ക് പെരുപ്പിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാനാണ് സ്കൂളിന്റെ മുൻവർഷത്തെ പ്രകടനംകൂടി വിലയിരുത്തുന്നതെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കി.