ഡല്‍ഹി: വിവാദചിത്രം’ദ കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി ലഭിച്ചു. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാന്‍ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ‘ഇന്ത്യന്‍’ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു.
അതേസമയം സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളില്‍ എത്തുന്നത്.