അടൂർ : കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹസ്രോത്തര സപ്ത ശതാബ്ദി ആഘോഷം 23ന് നടക്കും. ആഘോഷത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം 22ന് രാവിലെ 8.30ന് നിലയ്ക്കൽ എക്യുമെനിക്കൽ സെന്ററിൽ നിന്നാരംഭിക്കും. റാന്നി–നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 6.30ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലും ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന, 11ന് പൊതുസമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ഭവനദാന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജെ.സൈമൺ 1700–ാം വാർഷിക പരിപാടികളുടെ അവതരണം നടത്തും.
പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ജ്ഞാനതപസ്വി മുഖ്യസന്ദേശം നൽകും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിദ്യാഭ്യാസ സഹായ പദ്ധതിയും ആന്റോ ആന്റണി എംപി ചികിത്സാസഹായ പദ്ധതിയും ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം സഹസ്രോത്തര സപ്ത ശതാബ്ദി സിഡി പ്രകാശനം ചെയ്യും.കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എന്നിവർ മുഖ്യാതിഥികളായിരിക്കും.