ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം. കലാപം അമർച്ച ചെയ്യാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചതല്ലാതെ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കുമോ? മണിപ്പൂരിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഇത്ര നാളായിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ട്? സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം മുന്നോട്ടുവെക്കുന്ന കർമപരിപാടിയെന്ത്? സംസ്ഥാനത്തേക്ക് സർവകക്ഷി സംഘത്തെ അയക്കാൻ തയാറാകുമോ? ഒന്നിനും ഉത്തരമുണ്ടായില്ല. 55 ദിവസമായി കലാപം തുടരുന്ന സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വ്യക്തമായ നിർദേശങ്ങളൊന്നും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
പങ്കെടുത്ത വിവിധ പാർട്ടി പ്രതിനിധികൾക്ക് സംസാരിക്കാൻ മതിയായ സമയം പോലും കിട്ടാത്ത വഴിപാടു ചർച്ചയായി യോഗം മാറി. വിമർശനവും നിർദേശങ്ങളും കേട്ടിരിക്കുക മാത്രമായിരുന്നു സർക്കാർ. 15 വർഷം മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ ഒഖ്റം ഇബോബി സിങ്ങായിരുന്നു സർവകക്ഷി യോഗത്തിൽ മണിപ്പൂരിൽ നിന്നുള്ള ഏക പ്രതിനിധി. മൂന്നു മണിക്കൂറിലേറെ നീണ്ട യോഗത്തിൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചത് അഞ്ചു മിനിറ്റ്. ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ ഒറ്റക്ക് ആഭ്യന്തരമന്ത്രിയെ കാണുകയോ എഴുതി കൊടുക്കുകയോ ചെയ്യാനായിരുന്നു നിർദേശം.