പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബഡ്ജറ്റുകൾ ജനങ്ങളുടെ വികസന പ്രതീക്ഷകൾ തകർത്തതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച കേന്ദ്ര, സംസ്ഥാന ബഡ്ജറ്റ് അവലോകനവും ജനകീയ ചർച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വികസന പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്നതുമായ ഭാവനാശൂന്യമായ ബഡ്ജറ്റുകളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ.റോയിസ് മല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മധുരം പൂശി വിതരണം ചെയ്യുന്ന ക്യാപ്സ്യൂളുകൾക്കുള്ളിലെ വിഷ ബീജങ്ങളാണ് രണ്ടു ബഡ്ജറ്റുകളിലുമെന്നും സാധാരണ ജനങ്ങൾ ഇത് തിരിച്ചറിയുന്നില്ലെന്നും ബഡ്ജറ്റുകളെക്കുറിച്ചുള്ള അവലോകനത്തിൽ മോഡറേറ്ററും ബജറ്റ് അവലോകന വിദഗ്ദ്ധനുമായ പ്രൊഫ.സുരേഷ് മാത്യു ജോർജ്ജ് അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ, എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ജി. രഘുനാഥ്, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, എലിസബത്ത് അബു, ദീനാമ്മ റോയി, ഷെബീർ അഹമ്മദ്, റെജി താഴമൺ, മനോജ് ഡേവിഡ് കോശി എന്നിവർ പ്രസംഗിച്ചു. വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബഡ്ജറ്റ് പാഠ ശാലകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ ഡോ. റോയി മല്ലശ്ശേരി പറഞ്ഞു.