പത്തനംതിട്ട : ക്ഷേമ പെന്‍ഷനുകളും ശമ്പളവും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ സമസ്ത വിഭാഗം ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതിര്‍ന്ന പൗരന്മാരോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ആവശ്യപ്പെട്ടു.
സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സണ്ണി കണ്ണന്‍മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരന്‍, അബ്ദുള്‍കലാം ആസാദ്, അഡ്വ. ഷാജി കുളനട, ആനി ജേക്കബ്, ജോര്‍ജ് ജേക്കബ്, കേണല്‍ പി.എ. മാത്യു, വി.സി. ഗോപിനാഥപിള്ള, രമണി ഭായ്, ദീനാമ്മ പീറ്റര്‍, രാജന്‍ പടിയറ, തോമസ് പുതുക്കുളം, തോമസ് ചെറിയാന്‍, രാജു പുലൂര്‍, ജോസ് നെടുമ്പ്രം, അനിയന്‍ ജോര്‍ജ്, ഈശോ ജോസഫ്, കെ.സി മാത്യു, സാംകുട്ടി മണ്ണിലയ്യത്ത് എന്നിവര്‍ പ്രസംഗിച്ചു.