പത്തനംതിട്ട : പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത ബിജെപിക്ക് ഭരണം നിലനിർത്തുന്നതിന് സഖ്യകക്ഷികളുടെ കാലു പിടിക്കേണ്ടത് അനിവാര്യമാണ് എന്നത് ഇതിലും മനോഹരമായി കാണിക്കുന്ന മറ്റൊരു സന്ദർഭം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്രതീക്ഷകൾക്ക് കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് മാത്രം നൽകിയ മറുപടി പാടെ അവഗണിച്ചുകൊണ്ടാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്(UWEC) ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ഒരുഫെഡറൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം തുല്യ പരിഗണന കൊടുക്കണം എന്നത് മര്യാദയാണ്. എങ്കിലും ചില സംസ്ഥാനങ്ങൾക്ക് സാഹചര്യങ്ങളിൽ അധിക പരിഗണന കൊടുക്കുന്നതിനെയും എതിർക്കുന്നില്ല.
പക്ഷേ അതിന്റെ പേരിൽ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പേര് പോലും ബഡ്ജറ്റിൽ പറയാതെ ഇരുന്നത് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളോടുള്ള ഭരണവർഗത്തിന്റെ പ്രതിഷേധം തന്നെയായിട്ടാണ് കണക്കാക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് യാതൊരു പ്രാധാന്യവും ഈ ബഡ്ജറ്റിൽ ഇല്ല. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കാൻ പോയിട്ട് സാമ്പത്തിക മേഖലയെ ഒന്ന് ഉത്തേജിപ്പിക്കുന്നതിന് പോലും ഉള്ള യാതൊരു പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവശ്യസാധനങ്ങളുടെ വിലയെ സംബന്ധിച്ച് പരാമർശങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പദ്ധതിയിലെ പല വാഗ്ദാനങ്ങളും അതേപടി അംഗീകരിക്കുകയും ചെയ്തു എന്നതും മറ്റൊരു വിരോധാഭാസമാണ്. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയായി മാത്രം അവശേഷിക്കുകയാണ്. രാജ്യത്തെ 80 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങൾ ഒന്നും തന്നെ ഈ ബഡ്ജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. അസംഘടിത തൊഴിലാളികളോടുള്ള കേന്ദ്രസർക്കാരിന്റെ തുടരെത്തുടരെയുള്ള അവഗണ രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നതിൽ സംശയമില്ല എന്നും നഹാസ് പത്തനംതിട്ട ആരോപിച്ചു.