ഡൽഹി: കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക നീക്കം. പോലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സർവീസ് എന്നിവയിൽ തീരുമാനമെടുക്കാൻ ലെഫ്. ഗവർണറുടെ അധികാരം വർധിപ്പിച്ച് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേസുകളിൽ വിചാരണയ്ക്ക് അനുമതിനൽകൽ, അഡ്വക്കറ്റ് ജനറലിന്റെയും മറ്റു നിയമ ഉദ്യോഗസ്ഥരുടെയും നിയമനം, ആന്റി കറപ്ഷൻ ബ്യൂറോ എന്നിവയിലും ലെഫ്. ഗവർണർക്ക് തീരുമാനമെടുക്കാം. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് മോദിസർക്കാർ കൊണ്ടുവന്ന കശ്മീർ പുനഃസംഘടനാനിയമം 2019-ലാണ് ഭേദഗതിവരുത്തിയത്. ജമ്മു-കശ്മീരിൽ സെപ്റ്റംബറിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ഭേദഗതികൾ പ്രകാരം പോലീസിന്റെ ചുമതലവരുന്നതോടെ ക്രമസമാധാനവും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ലെഫ്. ഗവർണറിലൂടെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാകും. സംസ്ഥാന സർക്കാരുണ്ടെങ്കിലും ലെഫ്. ഗവർണറുടെ അനുമതിതേടിയേ പ്രവർത്തിക്കാനാകൂ. രാജ്യതലസ്ഥാനമായ ഡൽഹിയിലും സംസ്ഥാന സർക്കാരിനുമേൽ പിടിമുറുക്കാൻ കേന്ദ്രം സമാനനീക്കം നടത്തി നിയമം കൊണ്ടുവന്നിരുന്നു.