കോന്നി : കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തെ മതാതിഷ്ഠിതമാക്കാൻ ശ്രമിക്കുന്നുവെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. എ കെ എസ് റ്റി യു 27മത് പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹമുള്ളവർ ആണ് ഇന്നത്തെ മാതാപിതാക്കൾ. നമ്മുടെ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയവർ ആണ്. വിദ്യാഭ്യാസത്തിന് വലിയ പോരാട്ടം നടന്ന നാടാണ് കേരളം. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. ഇതിൽ അധ്യാപകരുടെ പങ്ക് വലുതാണ്. എ കെ എസ് റ്റി യു നടത്തിയ പോരാട്ടങ്ങൾ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. ചാതൂർവണ്യ വ്യവസ്ഥിതിയിലേക്ക് വിദ്യാഭ്യാസത്തെ കൊണ്ടുപോകുവാൻ ആണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. എ കെ എസ് റ്റി യു ജില്ലാ പ്രസിഡന്റ് പി കെ സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. റെജി മലയാലപ്പുഴ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനയുഗം സഹപാഠി ജില്ലാ വിജയികളെ ആദരിച്ചു.
സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സ്വാഗത സംഘം കൺവീനർ പി സി ശ്രീകുമാർ, അരുൺ മോഹൻ തുടങ്ങിയവർ സംസാരിച്ചു. യാത്രയായപ്പ് സമ്മേളനം സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മുണ്ടപ്പള്ളി തോമസ് ഉത്ഘാടനം ചെയ്തു. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അജിത് ആർ പിള്ള, മുൻ ജില്ലാ സെക്രട്ടറി പി എസ് ജിസ്മോൻ, അനിൽ കുമാർ കെ, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് എം ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ അരുൺ മോഹൻ ( പ്രസിഡണ്ട്), റെജി മലയാലപ്പുഴ (സെക്രട്ടറി), പി റ്റി മാത്യു ട്രഷറർ), ബിനു എസ്, ആനി വർഗീസ് (വൈസ് പ്രസിഡന്റ്), തോമസ് എം ഡേവിഡ്, പ്രശാന്ത് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), പി കെ സുശീൽ കുമാർ, ഡോ അജിത് ആർ പിള്ള, കെ എ തൻസീർ( സംസ്ഥാന കൗൺസിൽ അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപകരുടെയും ജീവനക്കാരുടെയും ഡി എ കുടിശിക അടിയന്തിരമായി അനുവദിക്കണമെന്ന് എ കെ എസ് റ്റി യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.