തിരുവനന്തപുരം: ഏപ്രിൽ ആറിന് രാഷ്ട്രപിതാവായ മഹാത്മജിയേയും ഗാന്ധിസത്തേയും തമസ്ക്കരിച്ചു കൊണ്ട് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേയെയും ഗോഡ്സേയിസത്തേയും ജനമനസുകളിൽ വളർത്തിയെടുക്കാൻ മോദി ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം.സുധീരൻ. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്രയോടനുബന്ധിച്ച് മഹാത്മജി ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കിയതിൻറെ 95-ാം വാർഷിക ദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് നടന്ന പുനരാവിഷ്ക്കരണ ഉപ്പു കുറുക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മജിയും ദണ്ഡിയാത്രയിൽ ഭാഗഭാക്കായ 78 സന്നദ്ധ ഭടന്മാരുടെയും പ്രതിരൂപങ്ങൾക്കൊപ്പം അറബിക്കടലിലിറങ്ങി കടൽവെള്ളം ശേഖരിച്ചാണ് കടപ്പുറത്ത് വെച്ച് ഉപ്പ് കുറുക്കിയത്. ദരിദ്രനായാലും സമ്പന്നനായാലും എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അഹിംസാസമരം നടത്തി സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ മനുഷ്യന് ആവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും നികുതി ചുമത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ എന്ന് സുധീരൻ ആക്ഷേപിച്ചു.