തിരുവനന്തപുരം: വിമാനയാത്ര നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണെന്നും അത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എയർക്രാഫ്റ്റ് ഒബ്ജക്റ്റ് ബില്ലിന്മേലുളള ചർച്ചയിൽ പങ്കെടുത്ത് എ എ റഹീം എം പി പറഞ്ഞു. കേന്ദ്രസർക്കാർ വ്യോമയാന മേഖല കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുത്തിരുന്നു. ഈ ബില്ലിലൂടെ അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്ക് കൂടി വ്യോമയാന മേഖല തുറന്നു കൊടുക്കയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ഒരു ബില്ലിലൂടെയും കേന്ദ്ര സർക്കാർ അഭിസംബോധന ചെയ്യുന്നില്ല. എയർപോർട്ട്സ് കൗൺസിൽ ഇൻറർനാഷണൽ നടത്തിയ പഠനത്തിൽ ഏഷ്യ– പസഫിക് മേഖലയിൽ വിമാനനിരക്ക് ഏറ്റവും വർദ്ധനവുണ്ടായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. 2019 മായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ 43% വർദ്ധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിന് പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ് നൽകണമെന്നത് കേരളത്തിൻ്റെ കാലങ്ങളായുള്ള ആവശ്യമാണ്. കണ്ണൂർ നോൺ– മെട്രോ നഗരമായതിനാൽ നൽകില്ല എന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ നോൺ മെട്രോ നഗരത്തിലുള്ള ഗോവ MOPA എയർപോർട്ടിന് പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ് നൽകി. സർക്കാർ ഈ സമീപനം തിരുത്തണമെന്നും കണ്ണൂർ എയർപോർട്ടിന് പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ് നൽകി വിമാനയാത്ര നിരക്ക് നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി ചർച്ചയിൽ പങ്കെടുത്ത് ആവശ്യപ്പെട്ടു.