ചുങ്കപ്പാറ : വയനാട് ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രതികരിക്കാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം കെ.പി രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റി ശേഖരിച്ച പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ലോകത്തെ ഞെട്ടിച്ച വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുവാൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫിന്റെ 18 പാർലമെന്റ് അംഗങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2018 ലെ മഹാ പ്രളയത്തിൽ എത്തിയ ഹെലികോപ്റ്ററിന്റെ വാടകയും ദുരിതാശ്വസ ക്യാമ്പുകളിലെ ഉച്ച ഭക്ഷണത്തിന് നൽകിയ അരിയുടെ വിലയും വെളിച്ചത്തിനായി നൽകിയ മണ്ണെണ്ണയുടെ വിലയും കേന്ദ്ര സർക്കാർ കണക്ക് പറഞ്ഞ് തിരികെ വാങ്ങിയത് മറന്ന് പോകരുതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മറ്റിയംഗം പ്രകാശ് പി.സാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, മണ്ഡലം സെക്രട്ടറി കെ.സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, മണ്ഡലം കമ്മറ്റിയംഗങ്ങളായ നവാസ് ഖാന്‍, പി.പി സോമന്‍, പി.ടി മാത്യു, അനില്‍ കേഴപ്ലാക്കല്‍, ശിവന്‍കുട്ടി നായര്‍, എബ്രഹാം തോമസ്, ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.