കോട്ടയം : നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. പദ്ധതിക്കായി ത്രികക്ഷി കരാർ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാനാണ് നിർദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല. നേരത്തെ മഹാരാഷ്ട്ര സർക്കാർ, ആർബിഐ റെയിൽവേ എന്നിവരുമായി പദ്ധതികൾക്കുള്ള ഫണ്ടിങ്ങിന് ത്രികക്ഷി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ കരാർ ഉണ്ടാക്കാനാണ് കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻ ലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം, റെയിൽപാതകൾ 3,4 വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-ശബരി പാത. അലൈന്‍മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കിയതായിരുന്നുവെന്നും എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നുവെന്നുമാണ് സംസ്ഥാന നിലപാട്. കാലതാമസം കാരണം എസ്റ്റിമേറ്റില്‍ വന്‍വര്‍ദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടി ചിലവ് വരും. 36 ശതമാനം വര്‍ദ്ധനയാണ് ചിലവിൽ കണക്കാക്കുന്നത്.