പത്തനംതിട്ട : കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പണം അനുവദിക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ പരാതി. സി.എഫ്.എൽ.ടി.സി.കൾക്കായി ചെലവഴിച്ച തുകയുടെ ബില്ലുകൾ സമർപ്പിച്ചിട്ടും ഇതുവരെ തുക മാറി നൽകിയിട്ടില്ലെന്നാണ് പഞ്ചായത്തുകൾ പരാതി പറയുന്നത്.
സർക്കാർ നിർദ്ദേശപ്രകാരം സി.എഫ്.എൽ.ടി.സി.കൾക്കായി തനതു ഫണ്ടിൽനിന്നും വികസന ഫണ്ടിൽനിന്നും തുക ചെലവഴിക്കണം. ഇതിന്റെ ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് ദുരന്തനിവാരണ അതോറിറ്റി ഈ തുക തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നാണ്. എന്നാൽ, സാമൂഹിക അടുക്കള മുതൽ സുഭിക്ഷ കേരളം വരെ നടത്തി പല പഞ്ചായത്തുകളിലും ഫണ്ടുകൾ തീരാറായ സ്ഥിതിയാണ്.
രോഗികളുടെ എണ്ണം വർധിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എന്നാൽ, ഇതിന്റെ നടത്തിപ്പിനുള്ള പണവും അനുബന്ധ സൗകര്യങ്ങളും എങ്ങനെ ഒരുക്കുമെന്നാണ് പ്രസിഡന്റുമാരും ജനപ്രതിനിധികളും സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരും തല പുകയ്ക്കുന്നത്. സമൂഹ അടുക്കള നടത്തിയതിനുള്ള ചെലവ് പൊതുജനങ്ങളിൽനിന്നാണ് പൂർണമായും കണ്ടെത്തിയത്. അതുകൊണ്ട് ഇനി ഉടനെ പൊതുജനങ്ങളെ പണസമാഹരണത്തിന് സമീപിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.
കെട്ടിടം കണ്ടെത്തിക്കഴിഞ്ഞാൽ അവിടെ കട്ടിൽ, കിടക്ക, തലയണ, പുതപ്പ്, സോപ്പ്, സാനിറ്റൈസർ, പി.പി.ഇ.കിറ്റ്, ഭക്ഷണം, ജലസേചന സൗകര്യം, ശൗചാലയ സൗകര്യം, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കണം. മാലിന്യസംസ്കരണ സംവിധാനമാണ് ബുദ്ധിമുട്ടിക്കുന്ന പ്രധാന ഘടകം.
ഒരു മുറി വൃത്തിയാക്കുന്നതിന് 400രൂപയാണ് കരാറുകാർ ഈടാക്കുന്നത്. കൂടാതെ ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി എന്നിവരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തി ഇവർക്ക് വേതനവും നൽകണം. ഒരാൾ ഉപയോഗിച്ച കിടക്കയും പുതപ്പുമടക്കം അടുത്തയാൾക്ക് നൽകാനാവില്ല. ഇവയെല്ലാം നശിപ്പിക്കണം. പ്ലാസ്റ്റിക് നിർമിത പി.പി.ഇ.കിറ്റും ഉപയോഗശേഷം നശിപ്പിക്കണം.
ഏറ്റെടുത്തതെല്ലാം തനതുഫണ്ടും വികസനഫണ്ടും ഉപയോഗിച്ചാണ് നടത്തുന്നത്. രണ്ടും ഏകദേശം കാലിയാകാറായെന്ന് ജനപ്രതിനിധികൾ പറയുന്നു. സർക്കാർ ഭാഗത്തുനിന്നുള്ള സഹായം പ്രഖ്യാപനങ്ങളിലൊതുങ്ങുന്നുവെന്നാണ് പഞ്ചായത്തുകളുടെ പരാതി.
ഇപ്പോൾ വികസന ഫണ്ട് ഉപയോഗിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഫണ്ട് വകമാറ്റേണ്ടിവന്നതോടെ വാർഡുതല വികസനങ്ങളെല്ലാം പഞ്ചായത്തുകളും നഗരസഭകളും നിർത്തിവെച്ചിരിക്കുകയാണ്