പന്തളം : പത്തനംതിട്ട ജില്ലയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പന്തളം അര്‍ച്ചന ആശുപത്രിയിലാണു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്നവരെ കിടത്തി ചികിത്സിക്കുന്നതിനാണു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉപയോഗിക്കുകയെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും പന്തളം നഗരസഭയുടെയും പി.ഡബ്ല്യൂ.ഡിയുടെയും സഹകരണത്തോടുകൂടിയാണു പ്രവര്‍ത്തനമില്ലാതിരുന്ന അര്‍ച്ചന ആശുപത്രി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയത്. അഞ്ചു സ്റ്റാഫ് നേഴ്‌സ്, ഒരു ഹെഡ് നേഴ്‌സ്, നാലു ഡോക്ടര്‍മാര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, രണ്ടു ഗ്രേഡ് ടു സ്റ്റാഫുകള്‍, രണ്ടു അറ്റന്റര്‍മാര്‍ ഉള്‍പ്പെടെ 14 ജീവനക്കാരെ ആശുപത്രിയിലേക്കു നിയമിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് ആവശ്യമായ സാധനങ്ങള്‍ നഗരസഭയുടെയും മെഡിക്കല്‍ ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെയാണു സജീകരിച്ചിട്ടുള്ളത്.
40 അറ്റാച്ച്ഡ് മുറികളിലായി 40 ബെഡുകളും എല്ലാ മുറികളിലും പ്ലേറ്റ്, ഗ്ലാസ്, ബ്രഷ്, പേസ്റ്റ്, ഹാന്റ് വാഷ് എന്നിവയും മുറികള്‍ക്ക് പുറത്തായി വേസ്റ്റ് ബിന്‍, സാനിറ്റൈസര്‍, മാസ്‌ക്, കൈയുറ എന്നിവയും സജീകരിച്ചിട്ടുണ്ട്. രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ നാലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍കൂടി തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മൂന്നെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. രോഗികളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിക്കാനുള്ള സജീകരണവും ഇവിടെയുണ്ട്. ബാക്കിയുള്ള നാലു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ റാന്നിയിലെ മേനാന്തോട്ടം ആശുപത്രിയിലും കൊട്ടക്കാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഇതിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 45 റൂമുകളിലായി 90 കിടക്കകളാണ് റാന്നി മേനാന്തോട്ടം ആശുപത്രിയില്‍ ഉള്ളത്. 32 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. കൊട്ടക്കാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 34 റൂമുകളിലായി 40 രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊട്ടക്കാട് ആശുപത്രിയില്‍ രോഗികളൊന്നും തന്നെ ചികിത്സയിലില്ല.
പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതികുമാരി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, അടൂര്‍ ആര്‍.ഡി.ഒ ജെസിക്കുട്ടി മാത്യു, തഹസില്‍ദാര്‍ ബീന എസ്. ഹനീഫ്, വാര്‍ഡ് മെമ്പര്‍ കൃഷ്ണവേണി, വില്ലേജ് ഓഫീസര്‍ ജെ.സിജു, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരീഷ് മുരളി, അടൂര്‍ താലൂക്ക് കോവിഡ് കെയര്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.പി ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.