ചടയമംഗലം : ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ച ദുർമന്ത്രവാദിയെക്കുറിച്ച് നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നത് ഒട്ടേറെ അഭ്യൂഹങ്ങൾ. താടിയും മുടിയും നീട്ടി കറുത്ത വേഷം ധരിച്ചു നടക്കുന്ന അബ്ദുൽ ജബ്ബാർ പലപ്പോഴും യാത്രയിലാണെന്നും തമിഴ്‌നാട്ടിലും കേരളത്തിലും പലയിടങ്ങളിലും ആഭിചാരക്രിയകൾ നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഇയാൾ ഇടക്കാലത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതിലൂടെ പരാതിക്കാരിയായ യുവതിയുടെ കുടുംബവുമായി ഇയാൾ അടുത്ത ബന്ധം സ്ഥാപിക്കുകയും വീട്ടിലെ നിത്യസന്ദർശകനായി മാറുകയും ചെയ്തു. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഇയാൾ നിലമേൽ ഭാര്യയുടെ വീട്ടിലായിരുന്നു താമസം. പിന്നീട് ഇയാൾ പരാതിക്കാരിയുടെ വീടിനടുത്ത് ഭൂമി വാങ്ങി വീടു വെയ്ക്കുകയായിരുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജ നടത്താൻ ഭർതൃവീട്ടുകാർ അബ്ദുൾ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു.
മന്ത്രവാദത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നാണ് യുവതി ട്വൻറി ഫോറിനോട് വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും അബ്ദുൾ ജബ്ബാറിൻറെ മുന്നിൽ എത്തിച്ചത്. നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെൺകുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തൽ. വാർത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി. പ്രതികകളെ അറസ്റ്റ് ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി പോലീസിന് നിർദ്ദേശം നൽകി. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പോലീസ് മന്ത്രവാദത്തിന് യുവതിയെ എത്തിച്ച ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അബ്ദുൾ ജബ്ബാറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.