വിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന് ചാകരക്കാലം. സീസണെ വരവേൽക്കാൻ മത്സ്യബന്ധന തുറമുഖം ഒരുങ്ങിക്കഴിഞ്ഞു. വലകളുടെ പണികളിലാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ. പൊലീസ് എയ്ഡ്പോസ്റ്റും തീരത്ത് തയ്യാറാവുകയാണ്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളും എത്തിത്തുടങ്ങി. സീസണോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് ‘പ്രതീക്ഷ”യും വിഴിഞ്ഞത്ത് സജ്ജമായിരിക്കും. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിക്കും.
ഒരുക്കങ്ങൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കും. മത്സ്യബന്ധന തീരത്തു ഇതിനോടകം വള്ളങ്ങൾ നിറഞ്ഞിട്ടുണ്ട്. വേനൽ മഴ ലഭിച്ചതിനാൽ ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്ത് മത്സ്യം ലഭിക്കുന്നുണ്ട്. സീസൺ ആരംഭിക്കുന്നതോടെ തമിഴ്നാട് അതിർത്തി തീരങ്ങൾ, അഞ്ചുതെങ്ങ്, പൂവാർ, പെരുമാതുറ, പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഇവിടേക്കെത്തും.