മല്ലപ്പള്ളി : കീഴ് വായ്പൂര് – നെയ്തേലിപ്പടി – നാരകത്താനി റോഡിൽ ചാക്കമറ്റത്തെ ഇടുങ്ങിയ പാലം അപകടാവസ്ഥയിലായി. 63 വർഷം മുമ്പ് നിർമ്മിച്ച പാലം കാലപ്പഴക്കത്താൽ ദുർബലാവസ്ഥയിലാണ്. 1961 മാർച്ച് 3ന് ഗതാഗതത്തിനായി തുറന്നുനൽകിയ പാലം ഏറെ പ്രശസ്തമായ എൻ ഇ എസ് ബ്ലോക്കാണ് നിർമ്മാണം നടത്തിയത്. വാഹനങ്ങളുടെ വലിയ തിരക്കില്ലാതിരുന്ന അക്കാലത്ത് വീതി പര്യാപ്തമായിരുന്നു. എന്നാൽ ഇന്ന് തിരക്ക് വർദ്ധിച്ചതോടെ പാലത്തിലൂടെ ഒരു ദിശയിലേക്ക് മാത്രമുള്ള ഗതാഗതമേ സാദ്ധ്യമാകൂ. അപ്രോച്ച് റോഡിന്റെ ഇരുഭാഗങ്ങളും താഴ്ന്നുകിടക്കുന്നതും പാലത്തിന്റെ സമീപത്തെ വലിയ വളവും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
പാലത്തിന്റെ അടിത്തട്ടിലെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ഇളകിമാറി ഇരുമ്പ് കമ്പികൾ പുറത്ത് കാണാവുന്ന നിലയിലാണ്. കൂടാതെ ഇരുവശങ്ങളിലേയും കോൺക്രീറ്റ് ഉറപ്പിച്ചിരിക്കുന്ന കരിങ്കൽ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അമിതഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങളുടെ തുടരെയുള്ള സഞ്ചാരം പാലം തകർക്കുമോ എന്ന ഭീതിയും നാട്ടുകാർക്കുണ്ട്. പ്രളയത്തിൽ പാലത്തിന് സമീപം തോടിന്റെ സംരക്ഷണഭിത്തികൾ തകർന്നത് പുനസ്ഥാപിക്കാൻ പ്രദേശവാസികൾ മുൻകൈയെടുത്തിട്ടും അധികാരികൾ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും ശക്തമാണ്. 2021 – 22 പദ്ധതി വർഷം ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് നവീകരണം നടത്തിയെങ്കിലും പാലം നവീകരണം മറന്നമട്ടാണ്.