കോന്നി : ആധുനിക നിലവാരത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച ഇരപ്പുകുഴി-പ്രമാടം ക്ഷേത്രം ചള്ളംവേലിപ്പടി റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ബി. സി. ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. പൂങ്കാവ് ഇരപ്പകുഴിയിൽ നിന്നും മറൂരിലേക്ക് ആദ്യഘട്ട ബി എം ടാറിങ് ഒരുമാസം മുൻപ് പൂർത്തീകരിച്ചിരുന്നു. റോഡിലെ കലങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമ്മാണ പ്രവർത്തകളും പൂർത്തീകരിച്ചിട്ടുണ്ട്. പൂങ്കാവിൽ നിന്നും അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി റോഡ് മാറും. മറുർ ജംഗ്ഷനിൽ നിന്നും നിർമാണം പൂർത്തീകരിച്ച പൂങ്കാവ് -പത്തനംതിട്ട റോഡിൽ കൂടി പ്രമാടം ക്ഷേത്രം വാഴമുട്ടം ചള്ളംവേലി പടി വരെയുള്ള റോഡാണ് ആധുനിക നിലവാരത്തിൽ ബി. എം. ബി. സി സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്നത്. ഏഴു കോടി രൂപയാണ് പ്രവർത്തിക്കായി അനുവദിച്ചിട്ടുള്ളത്.
മറൂർ ജംഗ്ഷനിൽ നിന്നും പ്രമാടം ക്ഷേത്രം വഴി വാഴമുട്ടം ചള്ളംവേലി പടിയിലേക്കുള്ള ഭാഗവും ആദ്യഘട്ട ടാറിങ് ആരംഭിച്ചിട്ടുണ്ട്. 1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും തകർച്ചയിലായ 6 കലുങ്കുകൾ പുതിയത് നിർമ്മിക്കുകയും ഒരു പുതിയ പൈപ്പ് കൽവർട്ട് നിർമ്മിക്കുകയും ചെയ്തുകൊണ്ടാണ് പുതിയ റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള 3.5 മീറ്റർ വീതി ഉള്ള റോഡ് 5.5 മീറ്റർ വീതിയിൽ വർദ്ധിപ്പിച്ച് ബി.എം& ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്ന റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണവും റോഡ് സുരക്ഷ സംവിധാനങ്ങളും ക്രമീകരിക്കും. ഇരപ്പു കുഴി പ്രമാടം ക്ഷേത്രം വാഴമുട്ടം ചള്ളംവേലിപ്പടി റോഡ് നിർമാണം കൂടി പൂർത്തിയാകുന്നതോടെ പ്രമാടം പഞ്ചായത്തിൽ നിന്നും പത്തനംതിട്ട പട്ടണത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സാഹചര്യം ഉണ്ടാകും. പത്തനംതിട്ടയിൽ നിന്നും മറൂർ ആൽ ജംഗ്ഷനിൽ നിന്നും പൂങ്കാവിൽ പോകാതെ വാഴമുട്ടം വഴി വള്ളിക്കോട് ചന്ദനപ്പള്ളി ഭാഗത്തേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയും. റോഡിന്റെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.