പത്തനംതിട്ട : ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ ആപ്പിൽ ലഭ്യമായി തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ ബസുകളുടെ വമ്പന്‍ പണി. മുന്നിലും പിന്നിലുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങൾ ‘ചലോ’ ആപ്പിലൂടെ ‘ചോർത്തി’ വേഗം കൂട്ടിയും കുറച്ചുമൊക്കെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നതാണ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകുന്നത്. സ്വകാര്യ ബസുകൾ സജീവമായ റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ വരുമാനം ചോർത്തുന്ന നടപടി. അടുത്തിടെ തിരുവല്ലയിൽനിന്ന് റാന്നിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ നിരീക്ഷണത്തിലാണ് ആപ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്നും ഇവർ പറയുന്നു. പത്തനംതിട്ട-തട്ട-അടൂർ, പത്തനംതിട്ട-പുനലൂർ, തിരുവല്ല-റാന്നി, തിരുവല്ല-പത്തനംതിട്ട തുടങ്ങിയ റൂട്ടുകളിലെല്ലാം ചോർച്ച നടത്തുന്നതായി ജീവനക്കാർ പറയുന്നു.
അടുത്തിടെയാണ് കെ.എസ്.ആർ.ടി.സിയിൽ ബസ് ലൈവ് ട്രാക്കിങ് ആപ് പ്രവർത്തനം തുടങ്ങിയത്. ‘ചലോ’ എന്ന ആപ് വഴിയാണ് ബസുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനാവുക. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. വരാനുള്ള ബസുകളുടെ സമയം, അത് എവിടെയെത്തി എന്നറിയാനുള്ള സൗകര്യം എന്നിവയെല്ലാം ആപ്പിലുണ്ട്. സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് കെ.എസ്.ആർ.ടി.സി ചലോ ആപ് ഒരുക്കിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സംവിധാനം.