കറുകച്ചാൽ : ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു പി സ്കൂള്‍ പതിറ്റാണ്ടുകൾക്ക് മുമ്പ് കറുകച്ചാൽ സബ്ജില്ലയിലെ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നത് ചരിത്രം. അന്നത്തെ കായികാധ്യാപകനായിരുന്ന കുര്യൻ സാറിനെ ഓർമ്മിക്കാത്ത ഒരു പൂർവ്വ വിദ്യാർത്ഥിയുമില്ല. ഇതൊക്കെ സുവർണ്ണ സ്മരണകൾ. ആ ചരിത്രത്തെ ഓർമ്മിപ്പിച്ചു കൊണ്ട് കായിക ഇനത്തിൽ സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ചമ്പക്കര സുഭാഷ് യു പി സ്കൂൾ. കബഡി സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ബാഡ്മിന്റൻ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹാൻഡ്‌ബോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു പി സ്കൂളിന് സ്വന്തം. അങ്ങനെ ഗെയിംസ് ഇനങ്ങളിൽ യുപി വിഭാഗത്തിൽ കറുകച്ചാൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികൾ. സുബ്രോതോ കപ്പ് ഫുട്ബോൾ ജില്ലാ മൽസരത്തിൽ സെമി ഫൈനലിസ്റ്റ് കൂടിയാണ് സുഭാഷ് ടീം.
കായിക പരിശീലകനായ ടെബിന്റെയും അധ്യാപകരായ ഹരിഗോവിന്ദിന്റെയും അഭിജിത്തിന്റെയും ലിതയുടേയും ഗോവിന്ദ് ജി യുടെയും കഠിന പ്രയത്നവും രക്ഷിതാക്കളുടെയും പി ടി എ പ്രസിഡന്റ് അരവിന്ദിന്റെയും സ്കൂൾ മാനേജർ രാജേഷ് കൈടാച്ചിറയുടെയും നിർലോഭമായ സഹകരണം ഈ വിജയത്തിന് വലിയ പങ്കുവഹിച്ചു എന്ന് വിദ്യാർത്ഥികൾ അഭിമാനത്തോടെ പറയുന്നു. ഇനിയും കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നതിന് ഈ കായിക പരിശീലന പരിപാടി തുടരുവാനാണ് സ്കൂൾ മാനേജ്മെൻറിന്റെ തീരുമാനം.