തൃശൂർ : നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ കർശന മുന്നൊരുക്കങ്ങൾക്കു ജില്ലാതല യോഗത്തിൽ തീരുമാനം. ജില്ലയുടെ തീരദേശത്തുള്ള മത്സ്യബന്ധന ബോട്ടുകളെല്ലാം മുൻകൂട്ടി ലഭിച്ച നിർദേശപ്രകാരം കരയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നുള്ള ബോട്ടുകൾ ഇന്നലെ വൈകിട്ടോടെയും കരയിൽ തിരിച്ചെത്തി. തീരദേശ മേഖലകളിൽ വാർഡുതല സമിതികൾ വഴി മുന്നറിയിപ്പു നൽകാനും യോഗം നിർദേശം നൽകി. മഴക്കാലത്തിനു മുന്നോടിയായി സ്വീകരിക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണു തീരുമാനം.
കാനകൾ വൃത്തിയാക്കൽ, ചാലുകളിലെ തടസ്സം മാറ്റൽ, വഴിയോരങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കംചെയ്യൽ, മലയോര പ്രദേശങ്ങളിലും ആദിവാസി കോളനികളിലുമുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള തയ്യാറെടുപ്പ് എന്നിവ പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ വിലയിരുത്തി. ജില്ലയിൽ 1457 വാർഡുകളിലായി ആക്‌ഷൻ പ്ലാൻ വഴിയുള്ള 1660 നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിനിടയിലും ഇത്തരം ജോലികൾ വൈകരുതെന്നു യോഗം നിർദേശിച്ചു. എഡിഎം റെജി പി. ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണു യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ മെഡിക്കൽ ഓഫിസർ പി.ജെ. റീന, വിവിധ വകുപ്പു മേധാവികൾ, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ, പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.