ചന്ദനപ്പള്ളി : ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ആഗോള തീർഥാടന കേന്ദ്രമായ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. എബ്രഹാം മാർ സെറാഫിമിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പാ എന്നിവർ സഹകാർമികരായിരുന്നു.
യുവജനപ്രസ്ഥാനത്തിന്റെ വിളംബര റാലിയോടനുബന്ധിച്ച് കുരിശടികളിലും ഭവനങ്ങളിലും കൊടിഉയർത്തി. തീർഥാടന വാരാചരണവും ജോർജിയൻ യുവതിസമാജത്തിന്റെ സഹായ പദ്ധതി ഉദ്ഘാടനവും മെത്രാപ്പൊലീത്ത നിർവഹിച്ചു.
കൽക്കുരിശടിയിൽ ഉയർത്തുന്നതിനുള്ള കൊടിമരം ഇടഭാഗംകരയിലെ വിളയിൽ പുത്തൻവീട്ടിൽ ജോസ്‌മോന്റെ ഭവനത്തിൽനിന്നും ആഘോഷപൂർവമായാണ് എടുത്തത്. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ജംഗ്ഷനിലും ചെമ്പിൻമൂട്ടിലും പൂക്കൾവിതറിയും വെറ്റിലയെറിഞ്ഞും സ്വീകരണം നൽകി. കൽക്കുരിശടിയിലെത്തിച്ച കൊടിമരത്തെ പരമ്പരാഗത രീതിയിൽ ചെത്തിയൊരുക്കിയും മാവില ചാർത്തിയും അലങ്കരിച്ചു. സന്ധ്യാനമസ്കാരത്തിന് ഫാ. ഇടിക്കുള്ള ഡാനിയേൽ, ഫാ. ജേക്കബ് ബേബി, ഫാ. ജേക്കബ് ഡാനിയേൽ, ഫാ. ഷൈജു ചെറിയാൻ, ഫാ. എബിൻ സജി എന്നിവർ കാർമികരായി. തുടർന്ന് വികാരി ഫാ. സുനിൽ എബ്രഹാം കൊടി ഉയർത്തി. ട്രസ്റ്റീ വർഗീസ് കെ. ജെയിംസ്, സെക്രട്ടറി ഷാജി തോമസ്, ടി.എസ്. ജോയ്, ടി.ജി. സാമുവൽ, ബാബു ജോർജ് എന്നിവർ നേതൃത്വം നൽകി. പെരുന്നാളിന്റെ പ്രധാനദിനങ്ങൾ മേയ് ഏഴും എട്ടും ആണ്.