ന്യൂഡെല്‍ഹി: മാധ്യമ വിലക്കിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ന്നതോടെ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. തങ്ങള്‍ക്കു ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കി എന്നതിന്റെ പേരില്‍ വാര്‍ത്ത ചാനലുകളെ വിലക്കിയ നടപടി കേവലം 14 മണിക്കൂറിനകം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍ തടിയൂരി. സാമൂഹ്യ രാഷ്ട്രീയ മാധ്യമ മേഖലകളില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇരു ചാനലുകള്‍ക്കുമുള്ള വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രം നിരര്‍ബന്ധിതമാകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവണ്‍ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വെള്ളിയാഴ്‌ച രാത്രി 7.30ന് ഏര്‍പ്പെടുത്തിയ ഏഷ്യാനെറ്റിന്റെ സംപ്രേക്ഷണ വിലക്ക് ശനിയാഴ്ച പുലര്‍ച്ചെ 2.30യോടെയും മീഡിയ വണ്ണിന്റെ വിലക്ക് രാവിലെ 9.30യോടെയുമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കിയത്.
പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ സ്ട്രീമിങ്ങും ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നെങ്കിലും മീഡിയ വണ്ണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഡല്‍ഹി കലാപം വാര്‍ത്തയാക്കിയതിനായിരുന്നു വിലക്ക്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളിലുണ്ടായ കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഇരുചാനലുകളേയും 48 മണിക്കൂറിലേക്കായിരുന്നു സംപ്രേക്ഷണം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നത്. എന്നാല്‍ രാജ്യമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ ഇരു ചാനലുകളുടേയും വിലക്ക് ഒഴിവാക്കുകയായിരുന്നു. വിലക്കിനെതിരെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്. ആര്‍എസ്‌എസിനെയും ഡല്‍ഹി പോലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമര്‍ശിച്ചാണ് ചാനലുകള്‍ വാര്‍ത്ത ചെയ്‌തതെന്ന് കേന്ദ്രഅണ്ടര്‍സെക്രട്ടറി വിജയ്‌കൗശിക്ക് ഒപ്പിട്ട ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 7.30 വരെയായിരുന്നു സംപ്രേഷണ വിലക്ക്. 2 ചാനലുകള്‍ക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നല്‍കിയിരുന്നു. മറുപടി കേട്ടശേഷമായിരുന്നു നടപടി. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.