ചങ്ങനാശ്ശേരി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേത്രുത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുഴുവരിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ ചങ്ങനാശ്ശേരിയിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തു. എം.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അലാമി (Hotel Alami), ചങ്ങനാശ്ശേരി – ആലപ്പുഴ റോഡിലെ കോണ്ടുര്‍ നക്ഷത്ര ഹോട്ടല്‍ (Contour), അറേബ്യന്‍ നൈറ്റ്സ് റസ്റ്റോറന്റ് (Arabian Nights), ഹോട്ടല്‍ ആര്യാസ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരങ്ങള്‍ കണ്ടെത്തിയത്. അലാമി റസ്റ്റോറന്റില്‍ കണ്ടെത്തിയ ഉപ്പിലിട്ട പച്ചമുളകില്‍ പുഴുക്കള്‍ ഞുളക്കുന്ന നിലയിലായിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍തന്നെ പുറത്തുവിട്ട വീഡിയോയില്‍ പുഴുവരിക്കുന്നത് വ്യക്തമായി കാണാം. ഏറെ അറപ്പും വെറുപ്പും ഉളവാക്കുന്നതായിരുന്നു ഈ വീഡിയോ.
പുഴു ഞുളക്കുന്ന രുചികരമായ ഭക്ഷണങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ ഹോട്ടലുകളിലെ പ്രത്യേകതയാണ്. ദിവസങ്ങളോളം പഴയതും ചീഞ്ഞതുമായ ആഹാരങ്ങള്‍ തിളച്ച എണ്ണയില്‍ വറുത്തുകോരി ശീതീകരിച്ച മുറിയിലെ തീന്‍ മേശയില്‍ വിളമ്പി നല്‍കി അതിന് കഴുത്തറക്കുന്ന ബില്ലും നല്‍കുന്ന കേരളത്തിലെ ഹോട്ടല്‍ മുതലാളിമാര്‍ പുത്തന്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ മുമ്പിലിരിക്കുന്ന ആഹാരത്തില്‍ എന്തൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. തന്നെയുമല്ല മസാലയുടെ ഗന്ധം മൂക്കില്‍ തുളച്ചുകയറുമ്പോള്‍ ഇതൊന്നും നോക്കുവാന്‍ ആരും മിനക്കെടാറില്ല. ദിവസേന പുതിയ വിഭവങ്ങള്‍ പുതിയ പേരുകളില്‍ മലയാളികളെ കൊതി പിടിപ്പിക്കുകയാണ്.
മിക്ക ഹോട്ടലുകളിലും വൃത്തിയുള്ള ഒരു ടോയ്‌ലറ്റ് പോലുമില്ല. കഴുത്തറപ്പന്‍ ബില്ലാണ് നല്‍കുന്നതെങ്കിലും വൃത്തിയുള്ള ടോയ്‌ലറ്റ് ഒരുക്കുവാന്‍ ഇവര്‍ തയ്യാറല്ല. ചില ഹോട്ടലുകളില്‍ പാചകക്കാര്‍ ഉപയോഗിക്കുന്ന വൃത്തിഹീനമായ ടോയ്‌ലറ്റ് ആണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഉപയോഗിക്കേണ്ടത്. ഹോട്ടലിന്റെ ഡൈനിംഗ് ഏരിയാ അതിമനോഹരമായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച് മോടി പിടിപ്പിക്കുവര്‍ ടോയ്‌ലറ്റിന്റെ കാര്യം ബോധപൂര്‍വം മറക്കുകയാണ്.