അബുദാബി: കഠിനമായ വേനലായതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്‌ച അവധി നൽകാനൊരുങ്ങി ദുബായ്. ഓഗസ്റ്റ് 12 മുതൽ സെപ്‌തംബർ 30 വരെയാണ് ഈ ഇളവ്. ആഴ്ചയിൽ പ്രവൃത്തി ദിവസം നാലായി കുറയ്‌ക്കുകയും ജോലി സമയം ഏഴ് മണിക്കൂറായി കുറയ്‌ക്കുകയും ചെയ്‌തു. ദുബായിലെ 15 സർക്കാർ സ്ഥാപനങ്ങളിലാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നിർദേശം പുറപ്പെടുവിച്ചത്.ദുബായ് സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ആരംഭിച്ച ‘അവർ സമ്മർ ഈസ് ഫ്ലക്‌സിബിൾ (our summer is flexible)’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. പ്രതികൂലമായ കാലാവസ്ഥയിൽ ജീവനക്കാരുടെ തൊഴിൽ മികവും ജീവിത നിലവാരവും ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വേനൽക്കാലത്തെ ജോലിയെക്കുറിച്ചുള്ള ഒരു സർവേ ജീവനക്കാരിൽ നടത്തിയിരുന്നു. ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിൽ ഓഫീസ് സമയം വെട്ടിക്കുറയ്‌ക്കുക എന്നതിന് വലിയ പിന്തുണ ഇതിലൂടെ ലഭിച്ചതായി വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്‌തു.ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ അവധി നൽകി നിരീക്ഷിക്കും. പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലും ഇതേ രീതിയിൽ അവധി നൽകണോ എന്ന കാര്യത്തിൽ മാനവവിഭവശേഷി വകുപ്പ് അന്തിമ തീരുമാനമെടുക്കും.