തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനെതിരായ മൂന്നാമത്തെ കേസിലും കുറ്റപത്രം സമർപ്പിച്ചു. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ എല്ലാ കേസുകളിലും കുറ്റപത്രം നൽകി. 750 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികൾ ഉണ്ട്. സാമ്പത്തികമായ കാരണങ്ങളാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്.
പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഫാന്‍റെ അച്ഛന്‍റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. തനിച്ച് വീട്ടിൽ താമസിച്ചിരുന്ന വൃദ്ധയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്‍റെ ധൂർത്തും വഴിവിട്ട ജിവിതവും സൽമ ബീവി എതിർത്തിരുന്നു. കഴുത്തിൽ കിടന്ന സ്വർണമാല അഫാൻ ആവശ്യപ്പെട്ടുവെങ്കിലും ഇവർ നൽകിയില്ല. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രം. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് പിതൃ സഹോദരനെ കൊന്നതിന് കാരണം. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ഈ കേസിൽ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണുള്ളത്. അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു.