ദുബായ് : ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകളിൽ ആശങ്കയിലായി പ്രവാസികൾ. പുതിയ ഉത്തരവ് പ്രകാരം ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകളോ സ്ഥാപനങ്ങളോ സംസ്ഥാന സർക്കാരിനെയാണ് അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സംസ്ഥാന സർക്കാരിന്റെ അനുമതിക്കുശേഷമാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്.
സംസ്ഥാന അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം. യാത്രക്കാരുടെ പൂർണവിവരങ്ങൾ സംസ്ഥാനങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും മുൻകൂട്ടി കൈമാറണം. യാത്രക്കാരുടെ പേരുകളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല.
വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്. ഇതുവരെ ചാർട്ടേർഡ് വിമാന അനുമതിക്കായി കോൺസുലേറ്റിനെയോ എംബസിയെയോ നേരിട്ട് സമീപിച്ചാൽ മതിയായിരുന്നു. അതിനുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് കെ.എം.സി.സി. അടക്കമുള്ള സംഘടനകൾ ഗൾഫിൽനിന്നും ചാർട്ടേർഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അനുമതിക്കായുള്ള പെർഫോമ ഷീറ്റിൽ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാർട്ടർ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സർക്കാരുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു.
തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാർട്ടേർഡ് വിമാനങ്ങൾക്കായി അപേക്ഷ സ്വീകരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇതോടെ നിർത്തിവെക്കുമെന്നാണ് സൂചന. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് പുതിയ വ്യവസ്ഥകൾ കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജൂൺ 25 മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകും.