തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ആശുപത്രി തുടങ്ങാന്‍ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തലസ്ഥാനത്തെ വനിതാ ഡോക്ടറില്‍ നിന്നും ഒന്നരക്കോടി രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത കേസില്‍ റിമാന്റില്‍ കഴിയുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തലവന്‍ ബീഹാര്‍ സ്വദേശി നിര്‍മല്‍കുമാര്‍ ചൗധരിയെന്ന ബാബുവിന് ജാമ്യമില്ല. ബാബുവിന്റെ ജാമ്യ ഹര്‍ജി തള്ളിയ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി പ്രതി കല്‍ തുറുങ്കിനുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ഉത്തരവിട്ടു.
ഗൗരവമേറിയ കുറ്റകൃത്യം ചെയ്തതായി ആരോപണമുള്ള അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച് സ്വതന്ത്രനാക്കിയാല്‍ പ്രതി ഏതു വിധേനയും രാജ്യം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അപ്രകാരം സംഭവിച്ചാല്‍ വിചാരണക്ക് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ പ്രതിയെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ പോലീസ് മൊഴി വിചാരണയില്‍ തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേരാനുള്ള സാധ്യതയുള്ളതായും ജാമ്യം നിരസിച്ച ഉത്തരവില്‍ ജില്ലാ കോടതി വ്യക്തമാക്കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 437 പ്രകാരം ആദ്യ ജാമ്യഹര്‍ജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളതെന്നും ജാമ്യം നല്‍കാന്‍ പാകത്തിന് സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ജില്ലാ കോടതി വ്യക്തമാക്കി. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനും കീഴ്‌ക്കോടതിക്ക് ജില്ലാ കോടതി നിര്‍ദ്ദേശം നല്‍കി.
ആദ്യ ജാമ്യ ഹര്‍ജി തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 439 പ്രകാരമാണ് സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സൈബര്‍ ക്രൈം നടന്നത്. തലസ്ഥാനത്തെ വനിതാ ഡോക്ടറടക്കമുള്ള പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. തലസ്ഥാനത്തെ വനിതാ ഡോക്ടര്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കെട്ടിപ്പടുക്കാന്‍ കോടികളുടെ വിദേശ ധനസഹായം വാഗ്ദാനം ചെയ്താണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. പ്രൊഫഷണലുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് കരസ്ഥമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകളും വിവരങ്ങളും ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ എടുത്തും തട്ടിപ്പ് നടത്തിയിരുന്നു.
2021 ജനുവരി 20 നാണ് പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തത്. പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലും ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാലും സി. ജെ. എം. ആര്‍. രേഖ പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ആ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. താന്‍ നിരപരാധിയാണെന്നും കേസന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായെന്നും അതിനാല്‍ തന്റെ തുടര്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും തനിക്ക് കേസ് നടത്താന്‍ ജാമ്യം നല്‍കി സ്വതന്ത്രനാക്കണമെന്നുമാവശ്യപ്പെട്ടാണ് ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.