ഇരിങ്ങാലക്കുട: ടൗണ്‍ കോ-ഓപറേറ്റീവ് ബാങ്ക് നട ബ്രാഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ ജീവനക്കാരിയും ഇവരുടെ സഹോദരന്റെ മകനും സുഹൃത്തും അറസ്റ്റിലായി. ബാങ്ക് ജീവനക്കാരി കാറളം സ്വദേശി കളപ്പുരക്കല്‍ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കല്‍ അനന്തകൃഷ്ണന് (അനന്തു-18), കൊടുങ്ങല്ലൂര്‍ സ്വദേശി ഷാലു (22) എന്നിവരാണ് അറസ്റ്റിലായത്.
അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി ഇരിങ്ങാലക്കുട സ്വദേശിയുടെ മൊബൈലില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പരാതിയുമായെത്തി ബാങ്കിനെ സമീപിച്ചിരുന്നു. പരാതി പോലീസിന് കൈമാറി. പ്രത്യേക സംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വന്‍ തട്ടിപ്പ് പുറത്തുവരുകയായിരുന്നു.
വന്‍ തുകകള്‍ ഉള്ളതും അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകള്‍ നിരീക്ഷിച്ച് വ്യാജ ചെക്കുപയോഗിച്ച് പണമായും മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്. ഉഷയായിരുന്നു തട്ടിപ്പിലെ പ്രധാനി. സഹോദരന്റെ മകനായ അനന്തകൃഷ്ണന്റെയും സുഹൃത്തായ ഷാലുവിന്റെയും സഹായത്തോടെ ആയിരുന്നു ഓപറേഷനുകള്‍. ആഡംബര ജീവതത്തിനുവേണ്ടിയായിരുന്നു പ്രതികളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
ബാങ്കിന്റെ കമ്പ്യൂട്ടറില്‍ നിന്ന് അക്കൗണ്ട് വിവരങ്ങളും ഒപ്പും മറ്റും ശേഖരിച്ച് ഉഷ അനന്തുവിന് കൈമാറി. അനന്തു വ്യാജ ചെക്ക് തയാറാക്കി കള്ള ഒപ്പിട്ട് ഷാലുവിന് നല്‍കുകയും ഷാലു ബാങ്കില്‍ എത്തി പണമാക്കി മാറുകയുമായിരുന്നു ചെയ്തിരുന്നത്. അനന്തുവിന്റെ വേറെയും സുഹൃത്തുക്കള്‍ വഴി പണം മാറിയിട്ടുണ്ടോ എന്നും മറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഒരു വര്‍ഷത്തോളമായി തട്ടിപ്പുനടത്തുന്ന പ്രതികള്‍ തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോവുകയായിരുന്നു. ഷാലു കാറില്‍ ബെംഗളൂരുവിലേക്ക് കടന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് തന്ത്രപൂര്‍വം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മസ്കത്തിലേക്ക് പോകുന്നതിനായി രേഖകള്‍ എടുക്കുന്നതിനായി കാര്‍ ബെംഗളൂരുവില്‍ ഉപേക്ഷിച്ച് തൃശൂരില്‍ എത്തിയപ്പോഴാണ് ഷാലുവിനെ അന്വേഷണ സംഘം പിടികൂടിയത്.
തുടര്‍ന്ന് ഒളിവിലായിരുന്ന ഉഷയേയും അനന്തുവിനെയും കസ്റ്റഡിയിലെടുത്തു. എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ സുജിത്ത്, എ.കെ. മനോജ്, അനൂപ് ലാലന്, വൈശാഖ് മംഗലന്‍, നിഷി സിദ്ധാര്ഥന് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത്.