ദില്ലി: കുനോയില്‍ മറ്റൊരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ച തേജസ് എന്ന ചീറ്റയാണ് ചത്തത്. തേജസിന് മുമ്പ് പാര്‍ക്കില്‍ മൂന്ന് ചീറ്റകള്‍ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ട്ടപ്പെട്ടിരുന്നു. അഞ്ച് മാസത്തിനിടെ ഏഴാമത്തെ സംഭവമാണിത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ആണ്‍ ചീറ്റയുടെ കഴുത്തിന് മുകള്‍ ഭാഗത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഉച്ചയ്ക്ക് രണ്ട് മണിയോടെ ചീറ്റ മരണത്തിന് കീഴടങ്ങിയതായാണ് പ്രാഥമിക വിവരം. തേജസിന് പരിക്കേറ്റതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലൂടെ മരണകാരണം വ്യക്തമാകുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ട് വന്ന പ്രഭാഷ്, പാവക് എന്നീ രണ്ട് ആണ്‍ ചീറ്റകളെ കെഎന്‍പിയില്‍ കാട്ടിലേക്ക് വിട്ടയച്ചതായി ഷിയോപൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ വര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് തേജസ് ചത്തത്. ഇതോടെ പാര്‍ക്കിലെ ആകെ ചീറ്റകളുടെ എണ്ണം 11 ആയി.