ചെറുതുരുത്തി: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ യു.ഡി.എഫ് വിജയിക്കുന്നതോടെ വലിയൊരു മാറ്റമാണ് കേരള രാഷ്ട്രീയത്തില്‍ വരാന്‍ പോവുന്നതെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുക ചേലക്കരയും പാലക്കാടും വയനാടും ഉപതിരഞ്ഞെടുപ്പു ഫലങ്ങളോടെയായിരിക്കും. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വള്ളത്തോള്‍ പഞ്ചായത്തിലെ ചെറുതുരുത്തിയില്‍ നടന്ന യുഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.എട്ടര വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ വല്ലാത്ത പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു പോയി. സര്‍ക്കാരിന്റെ അഹങ്കാരത്തിന് ഒരറുതി വരുത്തിയേ പറ്റൂ. ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ എല്ലാ അവകാശങ്ങളും തട്ടിയെടുത്ത, ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാത്ത, പോലീസിനെ കയറൂരി വിട്ട ഒരു സര്‍ക്കാര്‍.
എല്ലാ മേഖലയും തകര്‍ന്നു. അതിന് അറുതി വരുത്താന്‍ നമുക്ക് കൈവന്നിരിക്കുന്ന മികച്ച അവസരമാണ് ഉപതിരഞ്ഞെടുപ്പ്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി വികസന കാഴ്ചപ്പാടോടെ ഭരണം കാഴ്ചവെക്കാന്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും കേരളത്തില്‍ യു.ഡി.എഫിനും മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡി.എഫ് ചെയര്‍മാന്‍ പി.എ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.എ.ഐ.സി.സി സെക്രട്ടറി അറിവഴകന്‍, എം.എല്‍.എമാരയ കെ.പി.എ മജീദ് , ആബിദ് ഹുസൈന്‍ തങ്ങള്‍ , ടി.വി ഇബ്രാഹിം, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് , സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.പി.എം നിയാസ്, യു.ഡി.എഫ് നേതാക്കളായ പി.എം.അമീര്‍, എ.എം ഷുക്കൂര്‍, മുഹമ്മദ് ഇഖ്ബാല്‍ സംസാരിച്ചു.