അഹമ്മദാബാദ് : ഗുജറാത്തില്‍ രാസനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ 40 ലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന.
ബറൂച് ജില്ലയിലെ യശസ്വി രസായന്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നിര്‍മ്മാണ ശാലയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. രാസനിര്‍മ്മാണശാലയില്‍ തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
പ്രദേശത്ത് തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുക കാരണം ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തെ തുടര്‍ന്ന് നിര്‍മ്മാണശാലയ്ക്ക് പരിസരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട നിര്‍മ്മാണ ശാലയില്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രവര്‍ത്തനം പുന:രാരംഭിച്ചത്.