ചെങ്ങന്നൂർ : മഹാദേവ ക്ഷേത്രത്തിലെ ഇരുപത്തെട്ട് നാൾ നീണ്ട ഉത്സവത്തിന് കൊടിയിറങ്ങി. ദേശദേവനും ഉപദേവകളും ആറാട്ടിനെഴുന്നള്ളുന്നത് കാണാനെത്തിയത് ആയിരങ്ങൾ. ചെങ്ങന്നൂർ ക്ഷേത്ര പരിസരം അക്ഷരാർഥത്തിൽ നാടിന്റെ ഒത്തു ചേരലായി. പ്രാർത്ഥനാപൂർവ്വം തൊഴുകൈകളോടെ നിന്ന ജനസാഗരത്തിന് നടുവിലൂടെ രാജകീയമായിട്ടായിരുന്നു തിടമ്പേറ്റിയ അഞ്ച് ആനപ്പുറത്ത് ദേവകളുടെ എഴുന്നള്ളത്ത് .
പിന്നീട് പുണ്യ പമ്പയുടെ ഓള പരപ്പിൽ നടന്ന ദേവഗണങ്ങളുടെ ആറാട്ട് ഭക്തി സാന്ദ്രമായി. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച ഭക്തജനപ്രവാഹം വൈകുന്നേരമായപ്പോഴേക്കും ക്ഷേത്ര മതിൽക്കെട്ടും കിഴക്കേനടയും കവിഞ്ഞ് ആറാട്ടുകടവു വരെ നീണ്ടു. ആറാട്ട് പ്രമാണിച്ച് ചെങ്ങന്നൂർ താലൂക്കിന് പ്രാദേശിക അവധിയായിരുന്നതിനാൽ ഭക്തജനങ്ങൾക്ക് ഏറെ സൗകര്യമായി. ആറാട്ടുബലിക്കു ശേഷമായിരുന്നു എഴുന്നള്ളിപ്പ്. പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ദേവീദേവന്മാരുടെ മുമ്പിൽ നിറപറയർപ്പിക്കാൻ ഇക്കുറി നല്ല തിരക്കായിരുന്നു. പറയിടീൽ മണിക്കൂറുകൾ നീണ്ടു.
ഗജരാജശ്രേഷ്ഠൻ അമ്പലപ്പുഴ വിജയ കഷ്ണൻ മഹാദേവന്റെ തിടമ്പേറ്റിയപ്പോൾ പാർവ്വതീദേവിയുടെ തിടമ്പേറ്റാൻ മലയാലപ്പുഴ രാജൻഎത്തി. നീലഗ്രീവൻ, ഗണപതി , ശാസ്താവ് എന്നിവരുടെ തിടമ്പുകൾ ഓമല്ലൂർ മണികണ്ഠൻ,
വേലിനെന്നൂർ മണികണ്ഠൻ, ശ്രീകണ്ഠൻ, എന്നീ ഗജവീരന്മാർ പുറത്തേറ്റി. തൃക്കാരിയൂർ മനോജും സംഘവും നയിച്ച പഞ്ചവാദ്യം അകമ്പടിയായി. താലപ്പൊലിയും മുത്തുക്കുടകളും ആറാട്ട് ഘോഷയാത്രയെ വർണാഭമാക്കി. എഴുന്നള്ളിപ്പിന് മുന്നോടിയായി ആചാരപരമായ മറ്റ് ഘോഷയാത്രകൾ ഓരോന്നായി ക്ഷേത്രത്തിലെത്തി.
ബുധനൂർ പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യസ്വാമി എത്തിയതിനു ശേഷമാണ് മഹാദേവനും ശ്രീപാർവ്വതിയും അടക്കമുള്ള ദേവകൾ പുറത്തേക്ക് എഴുന്നെള്ളിയത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വച്ച് അഭിവാദ്യം ചെയ്ത ശേഷം ദേവസേനാപതി (സുബ്രഹ്മണ്യസ്വാമി )ക്ഷേത്രത്തിന്റെ കാവലേറ്റെടുത്ത് പ്രവേശന കവാടത്തിൽ നിലയുറപ്പിച്ചു. അതിനു മുന്നോടിയായി ആചാരപരമായ മറ്റ് ഘോഷയാത്രകളും ക്ഷേത്രത്തിലെത്തിയിരുന്നു.
വണ്ടി മലദേവസ്ഥാനത്തു നിന്നാരംഭിച്ച സിദ്ധനർ സർവ്വീസ് സൊസൈറ്റിയുടെ ഘോഷയാത്രയാണ് ആദ്യമെത്തിയത്. പണ്ട് ആറാട്ടുപുഴയിൽ ആറാട്ട് നടത്തിയിരുന്നതിനെ അനുസ്മരിച്ച് പമ്പാ തീർത്ഥകുംഭവും വഹിച്ചുള്ള മറ്റൊരു ഘോഷയാത്ര പിന്നീടെത്തി. അവസാനമായി ക്ഷേത്രത്തിന് കാവലാളാകാൻ ബുധനൂർ പടിഞ്ഞാറ്റുംചേരി സുബ്രഹ്മണ്യനും എഴുന്നള്ളി. 7 മണിയോടെ ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു.
തന്ത്രി കണ്ഠര് മോഹനരര് , കണ്ഠര് മഹേഷ് മോഹനര് എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
വൈകിട്ട് ആറിന് നാഗസ്വരക്കച്ചേരി , രാത്രി 10 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത് അവതരിപ്പിച്ച സംഗീതസദസ്സ് എന്നിവയും ഉണ്ടായിരുന്നു. പുലർച്ചെ ആറാട്ടവരവ്, ആറാട്ട് വിളക്ക് എന്നിവയ്ക്കുക്കു ശേഷം ഉത്സവം കൊടിയിറങ്ങും.