ചെങ്ങന്നൂർ : എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി തുടങ്ങിയ ഉറവിടമാലിന്യസംസ്കരണത്തിൽ പ്രതിസന്ധി. ചെങ്ങന്നൂർ നഗരസഭയിൽ അഞ്ചുവർഷം മുൻപ് പദ്ധതിക്കായി വീടുകളിൽ വിതരണം ചെയ്ത ബയോബിന്നുകൾ പലരും ഉപയോഗിക്കുന്നില്ല. 4362 ബയോബിന്നുകളും 130 ബയോഗ്യാസുകളുമാണ് വിതരണംചെയ്തത്. ഇതുവരെ ബയോബിന്നുകൾ വാങ്ങാത്തവരുമുണ്ട്. 2018-ലെ പ്രളയത്തിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ഒട്ടുമിക്ക ബയോഗ്യാസുകളും പ്രവർത്തിക്കാതായത്.
അതേസമയം പുതിയ ബയോബിന്നുകൾ സ്ഥാപിക്കാൻ ആളുകൾ മുന്നോട്ടു വരുന്നുമില്ല. ഉപയോഗയോഗ്യമായ ബയോബിന്നുകൾ ആളുകൾ ഉപയോഗിക്കാനും തയ്യാറാകുന്നില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്. വീടുകളിലുണ്ടാകുന്ന മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കാതെ പുറന്തള്ളുകയാണെന്നാണ് കരുതുന്നത്. ഹരിതകർമസേനാ പ്രവർത്തകർ വീടുകളിലെ മാലിന്യം അവിടെത്തന്നെ സംസ്കരിക്കണമെന്ന് ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുന്നില്ലെന്നും അധികൃതർ പറയുന്നു.