പത്തനംതിട്ട: ചെങ്ങന്നൂർ – പമ്പ റെയിൽ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ നടപടികൾ റെയിൽവേ ആരംഭിച്ചു. 76 കിലോമീറ്റര്‍ ദൂരമുള്ള പാതയാണ് ശുപാര്‍ശയില്‍ ഉള്ളത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് തടസമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി നീങ്ങുന്നത്. കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 9,000 കോടി രൂപയാണ് ആവശ്യം. പാതയുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ.
റാന്നിയില്‍ പൂര്‍ണമായും പമ്പ നദി തീരത്ത് കൂടിയാണ് റെയില്‍പാത കടന്നുപോകുന്നത്. കീക്കൊഴൂരില്‍ നിന്ന് തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയിലെത്തുക. തുടര്‍ന്ന് ഇവിടെ നിന്ന് പമ്പാനദി തീരത്ത് കൂടി പെരുനാട് ഭാഗത്തേക്ക് സര്‍വേ തുടരും. പെരുനാട്ടില്‍ നിന്ന് ശബരിമല പാതയ്ക്ക് സമാന്തരമായിട്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകാതെ സംരക്ഷണം നല്‍കുന്ന വിധത്തിലാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് പ്രാഥമിക സര്‍വേ മാത്രമാണ്. ഇതിന്റെ റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.